
ഗാസ സിറ്റി: ഞായറാഴ്ച വൈകുന്നേരം ഗാസ സിറ്റിയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ജസീറയുടെ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്ന അല്‍-ഷിഫ ആശുപത്രിയുടെ പ്രധാന ഗേറ്റിന് സമീപമാണ് ആക്രമണം നടന്നത്. ആശുപത്രിക്ക് പുറത്തുള്ള ഒരു ടെന്റ് ലക്ഷ്യമിട്ട് നടന്ന ആക്രമണത്തില്‍ ഏഴ് പേര്‍ മരിച്ചതായി ആശുപത്രിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ ഷെരീഫ് എന്ന മാധ്യമപ്രവര്‍ത്തകന് ഹമാസുമായി ബന്ധമുണ്ടെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഇസ്രായേലി ജനങ്ങള്‍ക്കും സൈനികര്‍ക്കും നേരെ റോക്കറ്റ് ആക്രമണം നടത്തിയ ഹമാസ് തീവ്രവാദ സെല്ലിന് നേതൃത്വം നല്‍കിയത് അല്‍ ഷെരീഫ് ആണെന്നും ഇസ്രയേല്‍ സൈന്യം വാദിക്കുന്നു.
ലേഖകന്‍ മുഹമ്മദ് ഖ്രീഖെ, ക്യാമറ ഓപ്പറേറ്റര്‍മാരായ ഇബ്രാഹിം സഹെര്‍, മുഹമ്മദ് നൗഫല്‍, മൊഅമെന്‍ അലിവ, അവരുടെ സഹായി മുഹമ്മദ് നൗഫല്‍ എന്നിവരാണ് മരിച്ച മറ്റ് നാലുപേരെന്ന് അല്‍ ജസീറ സ്ഥിരീകരിച്ചു.















