
നെബ്രാസ്ക: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ അനധികൃത കുടിയേറ്റം തടയുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായുള്ള പരിശോധനയ്ക്കിടെ ഇന്ത്യൻ വംശജരായ അഞ്ച് പേരെ നെബ്രാസ്കയിൽ അറസ്‌റ്റ് ചെയ്‌തു. മനുഷ്യക്കടത്ത്, വീസ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 565,000 ഡോളർ അതായത് ഏകദേശം അഞ്ചു കോടിയിലധികം രൂപയുടെ കള്ളപ്പണ ഇടപാട് ഇവർ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.
നെബ്രാസ്‌ക സംസ്‌ഥാനത്ത് വിവിധ ഹോട്ടലുകൾ നടത്തിയിരുന്ന പ്രതികൾ ഇവിടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും യുഎസ് അറ്റോർണിയുടെ ഓഫീസ് അറിയിച്ചു. പരിശോധനയിൽ ഹോട്ടലുകളിൽ നിന്ന് നിയമവിരുദ്ധമായ വരുമാനം പ്രതികൾക്ക് ലഭിച്ചിരുന്നു എന്ന് കണ്ടെത്തി. ഇവരുടെ കയ്യിൽ നിന്ന് 565,000 ഡോളറിന്റെ കള്ളപ്പണം കണ്ടെടുത്തു.
അമിത് പ്രഹ്ലാദ്ഭായ് (അമിത്) ചൗധരി (32), അമിത് ബാബുഭായ് (മാറ്റ്) ചൗധരി (33), മഹേഷ് കുമാർ (മഹേഷ്) ചൗധരി (38), രശ്മി അജിത്ത് (ഫാൽഗുനി) സമാനി (42), കെന്തകുമാർ (കെൻ) ചൗധരി (36) എന്നിവരാണ് പിടിയിലായതെന്ന് നെബ്രാസ്കയിലെ യുഎസ് അറ്റോർണിയുടെ ഓഫീസ് കൂട്ടിച്ചേർത്തു.
12 വയസ്സിൽ താഴെയുള്ള പത്ത് കുട്ടികളെ ഇവർ നിർബന്ധിച്ച് പ്രതികളുടെ ഹോട്ടലുകളിൽ ജോലിയെടുപ്പിക്കുന്നതായി കണ്ടെത്തി. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ മണിക്കൂറുകളോളം തൊഴിലെടുത്ത ഈ കുട്ടികൾക്ക് ന്യായമായ ശമ്പളവും നൽകിയിരുന്നില്ല. ഈ കുട്ടികളെ മോചിപ്പിച്ചുവെന്നും അധികൃതർ കോടതിയിൽ അറിയിച്ചു. പ്രതികളിലൊരാൾ യുഎസ് വീസ പ്രോഗ്രാം ദുരുപയോഗം ചെയ്‌തതിനും അന്വേഷണം നേരിടുന്നുണ്ട്. ഇവർ ഹോട്ടലുകൾ ലഹരിമരുന്ന് കടത്തിനും മനുഷ്യക്കടത്തിനും മറയാക്കുകയും മനുഷ്യക്കടത്തിന് ഇരയായ പലരെയും ലൈംഗികമായി ദുരുപയോഗം ചെയ്തതായും ആരോപണമുണ്ട്. ഒരു പ്രതി ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് ഒരാളെ കൊണ്ടുപോകുന്നതിനുള്ള തുകയെക്കുറിച്ച് സംസാരിച്ചതായി കണ്ടെത്തി.
കഴിഞ്ഞ വർഷം അരിസോനയിൽ നിന്ന് അനധികൃതമായി അതിർത്തി കടന്ന് വന്നവരെ ഇവരുടെ ഹോട്ടൽ തൊഴിലാളികൾ നിയമിച്ചുവെന്നും നെബ്രാസ്കയിലും വാഷിങ്ടനിലും അനധികൃത കുടിയേറ്റക്കാരിൽ നിന്ന് 1,000 ഡോളർ വാങ്ങി അവർക്ക് ഡ്രൈവിങ് ലൈസൻസ് സംഘടിപ്പിച്ച് നൽകിയതായും ആരോപണമുണ്ട്.