
ന്യൂയോര്‍ക്ക്: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഓപ്പറേഷന്‍ സിന്ദൂരില്‍ അഞ്ച് ജെറ്റുകള്‍ വെടിവെച്ചിട്ടെന്ന് അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ഏത് രാജ്യത്തിന്റെ വിമാനങ്ങളാണ് വെടിവെച്ചിട്ടെതെന്ന് ട്രംപ് വ്യക്തമാക്കിയില്ല.
‘വാസ്തവത്തില്‍, വിമാനങ്ങള്‍ ആകാശത്ത് നിന്ന് വെടിവയ്ക്കുകയായിരുന്നു. അഞ്ച് ജെറ്റുകള്‍ യഥാര്‍ത്ഥത്തില്‍ വെടിവച്ചിട്ടതായി ഞാന്‍ കരുതുന്നു’- ട്രംപ് വിശദീകരിച്ചു. വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച ഒരു അത്താഴവിരുന്നിനിടയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും പാക്കിസ്ഥാനും സംഘര്‍ഷവുമായി മുന്നോട്ടുപോകുകയായിരുന്നു. അത് വലുതായിക്കൊണ്ടിരുന്നു. ഒടുവില്‍ വ്യാപാര കരാര്‍ മുന്‍നിര്‍ത്തി ഞങ്ങള്‍ അത് പരിഹരിച്ചു. നിങ്ങള്‍ ഒരു വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലേ എന്ന് ചോദിച്ചു. നിങ്ങള്‍ ആണവായുധങ്ങള്‍ കൊണ്ട് പരസ്പരം ഏറ്റുമുട്ടാൻ ഒരുങ്ങുകയാണെങ്കിൽ വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇരുവരെയും അറിയിച്ചു’’ – ട്രംപ് പറഞ്ഞു. ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ താനാണ് ഇടപെട്ടതെന്ന് ട്രംപ് ആവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യ നിഷേധിട്ടും ട്രംപ് തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.
അതേസമയം, ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് അവകാശവാദവുമായി നേരത്തെ പാക്കിസ്ഥാന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന ഒരുതെളിവും പാക്കിസ്ഥാന്‍ പുറത്തുവിട്ടിരുന്നില്ല. ഇന്ത്യ ഇത് പാടേ തള്ളിയിരുന്നു.