
വാഷിംഗ്ടൺ: അമേരിക്കയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ അപ്പോയിന്റ്‌മെന്റുകളിലെ കാലതാമസം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 14 യുഎസ് ജനപ്രതിനിധികൾ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് കത്തെഴുതി. മൂന്ന് ഇന്ത്യൻ-അമേരിക്കൻ ഡെമോക്രാറ്റുകളും ഈ ഉഭയകക്ഷി സംഘത്തിൽ ഉൾപ്പെടുന്നു. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെയാണ് കോൺഗ്രസ് വനിത ഡെബോറ റോസിന്‍റെ നേതൃത്വത്തിലുള്ള സംഘം കത്തയച്ചത്.
ഇന്ത്യൻ വിദ്യാർത്ഥികൾ യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവർഷം ഏകദേശം 9 ബില്യൺ ഡോളർ (ഏകദേശം 77,787 കോടി രൂപ) സംഭാവന നൽകുന്നുണ്ടെന്നും ഗവേഷണങ്ങളിലും കണ്ടുപിടുത്തങ്ങളിലും അവർക്ക് നിർണായക പങ്കുണ്ടെന്നും കത്തിൽ പറയുന്നു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോയ്ക്ക് അയച്ച കത്തിൽ, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസിൽ വിദ്യാഭ്യാസം ആരംഭിക്കാനോ തുടരാനോ വിസ ലഭിക്കാത്തതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ ജനപ്രതിനിധികൾ ആശങ്ക രേഖപ്പെടുത്തി. പ്രമീള ജയപാൽ, ശ്രീ താനേദാർ, രാജ കൃഷ്ണമൂർത്തി എന്നിവരും കത്തിൽ ഒപ്പിട്ടിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാർത്ഥി സമൂഹമാണ് ഇന്ത്യയിൽ നിന്നുള്ളവരെന്ന് അവർ എടുത്തുപറഞ്ഞു. ശാസ്ത്രത്തിലും ഗവേഷണത്തിലും രാജ്യത്തിന്റെ മത്സരക്ഷമത നിലനിർത്തുന്നതിൽ ഈ വിദ്യാർത്ഥികളുടെ പ്രാധാന്യം ജനപ്രതിനിധികൾ വ്യക്തമാക്കി.