
വാഷിംഗ്ടണ്‍ ഡിസി : വാഷിംഗ്ടണ്‍ ഡിസി മേഖലയില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായതിനെ തുടര്‍ന്ന് മിന്നല്‍ പ്രളയമുന്നറിയിപ്പ് നല്‍കി. ചുഴലിക്കാറ്റിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ നിരവധി വിമാനത്താവളങ്ങളില്‍ വ്യോമഗതാഗതത്തില്‍ നടസ്സം നേരിട്ടിട്ടുണ്ട്. ഡാളസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി 9:30 വരെയും ബാള്‍ട്ടിമോര്‍-വാഷിംഗ്ടണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി 8:30 വരെയും നിരവധി വിമാനങ്ങള്‍ വൈകി.
മേരിലാന്‍ഡ്, വിര്‍ജീനിയ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റുമുണ്ടായിരുന്നു. പ്രദേശത്ത് വെള്ളപ്പൊക്കം നാശനഷ്ടങ്ങള്‍ വരുത്തി. അലക്‌സാണ്ട്രിയ നഗരത്തില്‍ 2 അടി വരെ ജലം ഉയര്‍ന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍കരുതലായി ഹിസ്റ്റോറിക് എല്ലിക്കോട്ട് സിറ്റിയിലെ മെയിന്‍ സ്ട്രീറ്റ് അടച്ചുപൂട്ടിയിട്ടുണ്ട്. വടക്കുകിഴക്കന്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ ഒരു ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ടായിരുന്നു. മണിക്കൂറില്‍ 55 മൈല്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.
മേരിലാന്‍ഡില്‍, ഹോവാര്‍ഡ്, കരോള്‍ കൗണ്ടികളില്‍ ബുധനാഴ്ച രാത്രി 9:15 വരെ (പ്രാദേശിക സമയം) മുന്നറിയിപ്പുണ്ടായിരുന്നു. ആന്‍ അരുണ്ടല്‍, മോണ്ട്‌ഗോമറി, പ്രിന്‍സ് ജോര്‍ജ്ജ് കൗണ്ടികളില്‍ രാത്രി 10:15 വരെയും വടക്കുകിഴക്കന്‍ കരോള്‍ കൗണ്ടിയിലെ മുന്നറിയിപ്പ് രാത്രി 10:30 വരെയും നീട്ടിയിരുന്നു. വാഷിംഗ്ടണ്‍ ഡിസി മേഖലയിലെ മിക്കയിടത്തും അര്‍ദ്ധരാത്രി വരെ വെള്ളപ്പൊക്ക നിരീക്ഷണമുണ്ടായിരുന്നു.