
ഹൂസ്റ്റണ്‍ : അമേരിക്കയെ ആശങ്കയിലാക്കി മാംസം ഭക്ഷിക്കുന്ന ‘ന്യൂ വേള്‍ഡ് സ്‌ക്രൂ വേം’ അണുബാധ (ന്യൂ വേള്‍ഡ് സ്‌ക്രൂവേം മയാസിസ്). ഇത് മനുഷ്യനെ ബാധിച്ചതിന്റെ ആദ്യ കേസ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ പൊതുജനാരോഗ്യത്തിന് നിലവില്‍ അപകടസാധ്യത കുറവാണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.
എല്‍ സാല്‍വദോര്‍ സന്ദര്‍ശിച്ച ശേഷം മടങ്ങിയെത്തിയ മേരിലാന്‍ഡിലെ ഒരു രോഗിയിലാണ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അണുബാധ സ്ഥിരീകരിച്ചത്. തെക്കേ അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും സാധാരണയായി കാണപ്പെടുന്ന ഒരിനം പരാന്നഭുക്കാണ് സ്‌ക്രൂവേം. മുറിവുകളിലൂടെയാണ് ഇവ ശരീരത്തിലേക്ക് പ്രവേശിക്കുക. അസഹ്യമായ വേദനയാണ് അനുഭവപ്പെടുക.