
വാഷിംഗ്ടൺ: കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈന്റെ സ്വകാര്യ വിമാനത്തിൽ മുൻപ് കരുതിയതിനേക്കാൾ കൂടുതൽ തവണ ഡോണൾഡ് ട്രംപ് യാത്ര ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ രേഖകൾ പുറത്തുവന്നു. 2020 ജനുവരിയിൽ ന്യൂയോർക്കിലെ അസിസ്റ്റന്റ് യുഎസ് അറ്റോർണി അയച്ച ഒരു ഇമെയിൽ സന്ദേശത്തിലാണ് ഈ വിവരങ്ങളുള്ളത്.
1993-നും 1996-നും ഇടയിൽ എപ്‌സ്റ്റൈന്റെ വിമാനത്തിൽ ട്രംപ് കുറഞ്ഞത് എട്ട് തവണയെങ്കിലും യാത്ര ചെയ്തിട്ടുണ്ട്. നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ വലിയ കണക്കാണിത്. ഈ എട്ട് യാത്രകളിൽ നാലെണ്ണത്തിൽ എപ്‌സ്റ്റൈന്റെ സഹായിയായിരുന്ന ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലും ഉണ്ടായിരുന്നു.
1993-ലെ ഒരു യാത്രയിൽ എപ്‌സ്റ്റൈനും ട്രംപും മാത്രമായിരുന്നു യാത്രക്കാർ. മറ്റൊരു യാത്രയിൽ ഇവർക്കൊപ്പം 20 വയസ്സുള്ള ഒരു യുവതിയും ഉണ്ടായിരുന്നു. മറ്റ് രണ്ട് വിമാനയാത്രകളിൽ പങ്കെടുത്ത സ്ത്രീകൾ മാക്‌സ്‌വെല്ലിനെതിരെയുള്ള കേസിൽ നിർണ്ണായക സാക്ഷികളാകാൻ സാധ്യതയുള്ളവരാണെന്ന് അറ്റോർണിയുടെ ഇമെയിൽ സൂചിപ്പിക്കുന്നു. 100 പേജിലധികം വരുന്ന യാത്രാ രേഖകൾ പരിശോധിച്ച ശേഷമാണ് അധികൃതർ ഈ നിഗമനത്തിലെത്തിയത്.
ജെഫ്രി എപ്‌സ്റ്റൈനുമായുള്ള തന്റെ ബന്ധം ട്രംപ് കാലങ്ങളായി നിഷേധിച്ചു വരികയാണ്. എപ്‌സ്റ്റൈനെ തനിക്ക് ഇഷ്ടമല്ലെന്നും അയാൾ ഒരു ‘അറപ്പുളവാക്കുന്ന വ്യക്തി’ ആണെന്നുമാണ് ട്രംപ് മുൻപ് പറഞ്ഞിട്ടുള്ളത്. മരണത്തിന് മുൻപ് വർഷങ്ങളോളം തങ്ങൾ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാൽ, കോടതി രേഖകളും ഫോട്ടോകളും മറ്റ് പൊതുരേഖകളും പരിശോധിക്കുമ്പോൾ 2000-കളുടെ പകുതി വരെ ഇവർ തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഇപ്പോൾ പുറത്തുവരുന്ന പുതിയ വിവരങ്ങൾ ട്രംപിന്റെ വാദങ്ങളെ വീണ്ടും പ്രതിരോധത്തിലാക്കുന്നു.















