
വാഷിംഗ്ടൺ : യുഎസിലെ വാഷിംഗ്ടൺ സംസ്ഥാനത്ത് കനത്തമഴയെത്തുടർന്നുണ്ടായ മാരകമായ വെള്ളപ്പൊക്കത്തിൽ ഒരാൾ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 1:30 ഓടെ സ്നോഹോമിഷ് കൗണ്ടിയിൽ പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയ വാഹനത്തിൽ നിന്നും മരിച്ചനിലയിൽ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. റോഡ് അടച്ചെന്ന മുന്നറിയിപ്പുകൾ മറികടന്ന് വെള്ളപ്പൊക്ക ബാധിത പ്രദേശത്തേക്ക് വാഹനം ഓടിച്ചുപോയതോടെയാണ് ഇയാൾ മരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പൊലീസ് എത്തുമ്പോൾ വാഹനം റോഡിൽ നിന്ന് മാറി ഏകദേശം ആറ് അടി താഴ്ചയിൽ വെള്ളം നിറഞ്ഞുനിൽക്കുന്ന പ്രദേശത്തേക്ക് എത്തിയ നിലയിലായിരുന്നു. ഫയർ റെസ്ക്യൂ സേനാംഗങ്ങൾ വാഹനത്തിന് അടുത്തെത്തി ഡ്രൈവറെ കാറിൽ നിന്ന് പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനത്തിൽ മറ്റ് യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, വാഷിംഗ്ടണിൽ വെള്ളപ്പൊക്കം ഉണ്ടായതിനെത്തുടർന്ന് നിരവധി പേരെ ഒഴിപ്പിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. കനത്ത മഴയെത്തുടർന്ന് വൈറ്റ് നദിയിലെ ഒരു മണൽത്തിട്ട തകർന്നതിനെത്തുടർന്ന് വാഷിംഗ്ടണിൽ ഒരു ഒഴിപ്പിക്കൽ ഉത്തരവും മിന്നൽ പ്രളയ മുന്നറിയിപ്പും നിലവിൽ പ്രാബല്യത്തിൽ ഉണ്ട്.
Floods claim lives in Washington, driver dies after vehicle sinks, many evacuated.












