
ഫ്ലോറിഡ: ഫ്ലോറിഡയിൽ നിന്നുള്ള 32 കാരിയായ ഡോക്ടറെ മയാമിയിലെ ഒരു ഡോളർ ട്രീ സ്റ്റോറിലെ ഫ്രീസറിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസും പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
രണ്ട് കുട്ടികളുടെ അമ്മയായ ഹെലൻ മാസിയൽ ഗാരെ സാഞ്ചസാണ് ദുരൂഹമായി മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ ഒരു സ്റ്റോർ ജീവനക്കാരനാണ് കടയിലെ ഫ്രീസറിൽ ഇരുടെ മൃതദേഹം കണ്ടെത്തിയത്.
ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു ഫ്രീസറിൽ ഒരു സ്ത്രീയെ ബോധരഹിതയായി കണ്ടെത്തിയതായി ഒരു ജീവനക്കാരൻ അറിയിച്ചതിനെ തുടർന്ന് ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് സൗത്ത് വെസ്റ്റ് 8-ാം സ്ട്രീറ്റിലെ ഡോളർ ട്രീ സ്റ്റോറിലേക്ക് മയാമി പൊലീസ് ഉദ്യോഗസ്ഥരെത്തിയത്. ഫ്രീസർ സ്ഥാപിച്ചിരുന്ന ഇടം നിയന്ത്രിത മേഖലയായിരുന്നുവെന്നും ഡോക്ടർ എന്തിന് എത്തിയെന്ന് വ്യക്തമല്ലെന്നും ഇതേക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും അധികൃതർ പറഞ്ഞു.
ഇവരെ പരിശോധിച്ച പാരാമെഡിക്കുകൾ സംഭവസ്ഥലത്ത് തന്നെ ഡോക്ടർ മരിച്ചതായി പ്രഖ്യാപിച്ചു. പൊലീസ് അന്വേഷണം നടത്തുന്നതിനാൽ കട മണിക്കൂറുകളോളം അടച്ചിരുന്നു.
ശനിയാഴ്ച വൈകുന്നേരം കട അടയ്ക്കുന്നതിന് തൊട്ടുമുമ്പ് ഗാരെ സാഞ്ചസ് ഇവിടെ എത്തിയിരുന്നെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവർ കടയിൽ നിന്നും ഒന്നും വാങ്ങിയിരുന്നില്ല. ഇവർ പിന്നീട് ഫ്രീസർ സ്ഥിതി ചെയ്യുന്ന ഒരു നിയന്ത്രിത പ്രദേശത്തേക്ക് പ്രവേശിച്ചുവെന്നും രാത്രി മുഴുവൻ അവിടെ തങ്ങി എന്നുമാണ് അധികൃതർ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
Florida doctor found dead under mysterious circumstances in Dollar Tree store freezer, investigation underway















