ഫ്ലോറിഡ: ഫ്ലോറിഡയിൽ 1998ൽ അയൽക്കാരിയായ സിൻഥിയ കാമ്പെല്ലിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനായി ശിക്ഷിക്കപ്പെട്ട നോർമൻ മിയർൾ ഗ്രിം ജൂനിയർ (65)ൻ്റെ വധശിക്ഷ നടപ്പാക്കി. ചൊവ്വാഴ്ച ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ വൈകുന്നേരം 6.14 ന് മാരകമരുന്ന് കുത്തിവെച്ചായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്.
ഗ്രിം 1998ൽ കാമ്പെല്ലിനെ ക്രൂരമായി മർദിച്ച് കുത്തിക്കൊന്ന് മൃതദേഹം പെൻസാക്കോള ബേ പാലത്തിന് സമീപം ഉപേക്ഷിച്ചതായി കേസ് രേഖകളിൽ പറയുന്നു. ഡിഎൻഎ തെളിവുകൾ ഉൾപ്പെടെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് 2000ൽ അദ്ദേഹത്തെ കുറ്റക്കാരനായി കോടതി കണ്ടെത്തിയത്. ഗ്രിം അവസാന അപ്പീലുകൾ ഉപേക്ഷിക്കുകയും, വധശിക്ഷയ്ക്ക് മുൻപായി പന്നിയിറച്ചിയും മാഷ് ചെയ്ത ഉരുളക്കിഴങ്ങും ചോക്ലേറ്റ് മിൽക്ക് ഷേക്കും ഉൾപ്പെട്ട ഭക്ഷണം കഴിക്കുകയും ചെയ്തു.
ഈ വർഷം ഫ്ലോറിഡയിൽ നടപ്പിലാക്കിയ 15ാമത്തെ വധശിക്ഷയാണിത്. അമേരിക്കയിൽ ഈ വർഷം ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പിലാക്കിയ സംസ്ഥാനം ഫ്ലോറിഡയാണ്. ഫ്ലോറിഡയിൽ അടുത്ത മാസം കൂടി രണ്ട് വധശിക്ഷകൾ നിശ്ചയിച്ചിട്ടുണ്ട്. ഗവർണർ റോൺ ഡിസാന്റിസ് ഒപ്പുവെച്ച ഉത്തരവുകൾ പ്രകാരം നവംബർ 13നും 20നും വധങ്ങൾ നടക്കും.
Florida man executed for 1998 neighbor murder













