പനിച്ചൂടിൽ അമേരിക്ക; ഇൻഫ്ലുവൻസ ബാധിച്ചവർ 75 ലക്ഷം കടന്നു, 3100 മരണം

ന്യൂയോർക്ക് : അമേരിക്കയിൽ ഇൻഫ്ലുവൻസ (പനി) അതിവേഗം പടരുന്നതായി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) അറിയിച്ചു. മരണ സംഖ്യ 3,100 ആയി ഉയർന്നതായും സിഡിസി അറിയിച്ചു.

 ഈ സീസണിൽ ഇതുവരെ ഏകദേശം 75 ലക്ഷം ആളുകൾക്ക് രോഗം ബാധിച്ചു. 81000 പേർ ആശുപത്രിയിൽ കിടത്തിച്ചികിൽസക്ക് വിധേയരായി.

ഇൻഫ്ലുവൻസ എയുടെ ഉപവിഭാഗമായ H3N2 വൈറസിന്റെ ഒരു വകഭേദമായ സബ്ക്ലേഡ് കെ എന്ന പുതിയ ഫ്ലൂ സ്ട്രെയിനാണ് പുതിയ രോഗവ്യാപനത്തിനു കാരണം.

മറ്റ് രാജ്യങ്ങളിൽ വേനൽക്കാലം മുതൽ സബ്ക്ലേഡ് കെ പ്രചരിക്കുന്നുണ്ട്, കൂടാതെ കാനഡ, ജപ്പാൻ, യുകെ എന്നിവിടങ്ങളിൽ ഫ്ലൂ കേസുകളുടെ വർദ്ധനവിന് പ്രധാന കാരണവും ഇതായിരുന്നു.

ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അർക്കൻസാസ്, കൊളറാഡോ, കണക്റ്റിക്കട്ട്, ജോർജിയ, ഐഡഹോ, ലൂസിയാന, മേരിലാൻഡ്, മസാച്യുസെറ്റ്സ്, മിഷിഗൺ, മിനസോട്ട, മിസോറി, ന്യൂ ഹാംഷെയർ, ന്യൂജേഴ്‌സി, ന്യൂ മെക്സിക്കോ, ന്യൂയോർക്ക്, നോർത്ത് കരോലിന, ഒഹായോ, റോഡ് ഐലൻഡ്, സൗത്ത് കരോലിന, ടെന്നസി എന്നിവയുൾപ്പെടെ കുറഞ്ഞത് 20 സംസ്ഥാനങ്ങളിലെങ്കിലും ഇപ്പോൾ വളരെ ഉയർന്നതോതിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കുതിച്ചുയരുന്നുണ്ട്.

നിലവിലെ വാക്സിൻ പുതിയ വൈറസ് വകഭേദത്തിനെതിരെ 30-40% വരെ മാത്രമേ ഫലപ്രദമാകാൻ സാധ്യതയുള്ളൂ എങ്കിലും, കടുത്ത രോഗാവസ്ഥയിൽ നിന്നും മരണത്തിൽ നിന്നും രക്ഷപെടാൻ വാക്സിൻ എടുക്കുന്നത് തന്നെയാണ് നല്ലതെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മരണപ്പെട്ട 288 കുട്ടികളിൽ ആരും തന്നെ വാക്സിൻ എടുത്തിരുന്നില്ല എന്ന് സിഡിഎസ് പഠനം വ്യക്തമാക്കിയിട്ടുണ്ട്. ഇൻഫ്ലുവൻസയ്ക്ക് ഒപ്പം കൊവിഡിന്റെ വ്യാപനവും ഈ തണുപ്പുകലാത്ത് വ്യാപകമാകുന്നുണ്ട്. സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുക, രോഗം വന്നാൽ ചികിൽസ തേടുക എന്നിവയാണ് മികച്ച പ്രതിരോധ മാർഗങ്ങൾ.

Flu cases rises sharply across the US with at least 7.5 million illnesses