കാലുകള്‍ നഷ്ടപ്പെട്ടവരെ വഴിനടത്തുന്ന ഫൊക്കാന-ലൈഫ് ആന്‍ഡ് ലിംബ്

കോട്ടയം: ഫൊക്കാനയുമായി സഹകരിച്ചു നടത്തുന്ന ‘ലൈഫ് ആന്‍ഡ് ലിമ്പ് ചാരിറ്റബിള്‍ സൊസൈറ്റി’യുടെ കാല്‍ വിതരണം കുമരകത്തെ കേരള കണ്‍വന്‍ഷനില്‍ മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മകുടോദാഹരണമായി. സൊസൈറ്റിയുടെ ചുക്കാന്‍ പിടിക്കുന്ന അമേരിക്കന്‍ മലയാളിയായ ജോണ്‍സണ്‍ സാമുവല്‍ എന്ന മനുഷ്യ സ്‌നേഹിയുടെ സാന്നിധ്യത്തില്‍ മുന്‍ വൈസ് ചാന്‍സലറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗവുമായ ഡോ. സിറിയക് തോമസ്, ഗോപിനാഥ് മുതുകാട്, രാജു എബ്രഹാം എക്‌സ് എം.എല്‍.എ, അഡ്വ. വര്‍ഗീസ് മാമന്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍, മാമന്‍ സി ജേക്കബ് ഉള്‍പ്പെടെയുള്ളവരെയും വലിയൊരു സദസിനെയും സാക്ഷി നിര്‍ത്തി കാലുകള്‍ നഷ്ടപ്പെട്ടവ നിരവധി പേര്‍ക്ക് കൃത്രിമക്കാലുകള്‍ നല്‍കി.

വാസ്തവത്തില്‍ ഇത് കൃത്രിമക്കാലുകളല്ല, അറ്റുപോയ പാദങ്ങള്‍ക്ക് പകരമുള്ള ജീവസുറ്റ സ്‌നേഹത്തിന്റെ കാലുകളണിതെന്നും ഈ കാലിന്റെ സുവിശേഷമെഴുതിയ ജോണ്‍സണ്‍ സാമുവലിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്നും ഡോ. സിറിയക് തോമസ് ആശംസിച്ചു. ഇദ്ദേഹം വെറും സാമുവല്‍ അല്ല, ‘സാമുവല്‍ ദ ഗ്രേറ്റ്’ ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുട്ടിലായെന്ന് കരുതിയ ജീവിതങ്ങളെ പ്രകാശത്തിന്റെ പുതിയ ലോകത്തേയ്ക്ക് വഴിനടത്തിയ ലൈഫ് ആന്റ് ലിമ്പ് പദ്ധതിയില്‍ ഫൊക്കാനയ്ക്ക് സഹകരിക്കാന്‍ സാധിച്ചത് ദൈവാനുഗ്രഹമായി കരുതുന്നുവെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി പറഞ്ഞു.

പലവിധ അപകടങ്ങളില്‍ കാലുകള്‍ മുറിച്ചുമാറ്റപ്പെട്ട ഹതഭാഗ്യര്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള കൃത്രിമക്കാലുകള്‍ നല്‍കി, അവര്‍ക്ക് ചലനശേഷിയും സ്വാതന്ത്ര്യവും വീണ്ടെടുക്കുവാനും പുതിയൊരു ജീവിതത്തിലേക്ക് പദമൂന്നാനും സഹായിക്കുന്ന പദ്ധതിയാണ് സൈഫ് ആന്റ് ലിംബ്. മാവേലിക്കരയിലെ വെട്ടിയാര്‍ സ്വദേശിയായ ജോണ്‍സണ്‍ സാമുവല്‍ യാദൃശ്ചികമായാണ്, ഒരു ദൈനവിയോഗം പോലെ ഈ പദ്ധതിയുടെ സാരഥിയായി എത്തുന്നത്. നാല് പതിറ്റാണ്ടിലേറെയായി ന്യൂയോര്‍ക്കിലാണ് ഇദ്ദേഹം താമസിക്കുന്നത്.

2011-ല്‍ കുടുംബ സമേതം കേരളത്തിലെത്തിയ ജോണ്‍സണ്‍ ഒരു യാത്രക്കിടെ, ഏതോ അപകടത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട് നടക്കാന്‍ കഷ്ടപ്പെടുന്ന ഒരു ഹതഭാഗ്യനെ കാണുകയും അദ്ദേഹത്തിന്റെ അവസ്ഥ ജോണ്‍സണ്‍ സാമുവലിനെ വൈകാരികമായി സ്വാധീനിക്കുകയും ചെയ്തു. ഇത്തരം ദുരിതമനുഭവിക്കുന്നവരെ എപ്രകാരം സഹായിക്കാമെന്ന അദ്ദേഹത്തിന്റെ ചിന്ത എത്തി നിന്നത് അംഗവൈകല്യമുള്ളവര്‍ക്ക് കൃത്രിമ അവയവങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന ജര്‍മന്‍ കമ്പനിയായ ഓട്ടോബൂക്കിലാണ്.

അങ്ങനെ സ്വന്തം പണം മുടക്കി 20 പേര്‍ക്ക് സൗജന്യമായി കൃത്രിമ കാലുകള്‍ വരുത്തി നല്‍കിയാണ് 2014-ല്‍ ജോണ്‍സണ്‍ ലൈഫ് ആന്റ് ലിംബ് ചാരിറ്റബിള്‍ സൈസൈറ്റിക്ക് രൂപം നല്‍കിയത്. ഇതുവരെ 344 പേര്‍ക്കാണ് അദ്ദേഹം കൃത്രിമക്കാല്‍ നല്‍കി സഹായിച്ചത്. അവരെല്ലാം തന്നെ ഇപ്പോള്‍ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത്. ലൈഫ് ആന്റ് ലിംബ് ചാരിറ്റബിള്‍ സൈസൈറ്റിയുമായി സഹകരിച്ച് നടത്തിയ ഈ പദ്ധതി ഫൊക്കാന കേരള കണ്‍വന്‍ഷന്റെ പൊതുവികാരമായി മാറി.

More Stories from this section

family-dental
witywide