
ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പിന് പിന്നാലെ ടെഹ്റാനിലെ വിവിധയിടങ്ങളിൽ ഇസ്രയേലിന്‍റെ വ്യോമാക്രമണമെന്ന് റിപ്പോർട്ട്. തലസ്ഥാനത്ത് സൈനിക നടപടിയുണ്ടാകുമെന്ന നെതന്യാഹുവിന്‍റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിൽ വിവിധയിടങ്ങളിൽ സ്ഫോടനങ്ങൾ നടക്കുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിനിടെ ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാന് മുകളിലുള്ള വ്യോമമേഖലയുടെ നിയന്ത്രണം ഇസ്രയേൽ വ്യോമസേന കയ്യടക്കിയെന്നും തങ്ങൾ വിജയത്തിലേക്ക് അടുക്കുന്നുവെന്നുമുള്ള അവകാശവാദവമായി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയിട്ടുണ്ട്. ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ തകർക്കുമെന്നും മിസൈൽ നിർമാണ യൂണിറ്റ് നശിപ്പിക്കുമെന്നും നെതന്യാഹു പറഞ്ഞു. മധ്യ ഇസ്രയേലിലെ ടെൽ നോഫ് വിമാനത്താവളം സന്ദർശിച്ചപ്പോഴാണ് ബെഞ്ചമിൻ നെതന്യാഹു ഇക്കാര്യം പറഞ്ഞതെന്ന് ഇസ്രയേൽ മാധ്യമങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്, ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ ഇയാൽ സമീർ എന്നിവരോടൊപ്പം നെതന്യാഹു കൂടിക്കാഴ്ചയും നടത്തി.
അതേസമയം ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലടക്കം ഇറാൻ കനത്ത ആക്രമണം നടത്തിയെന്നും റിപ്പോർട്ടുണ്ട്. ടെൽ അവീവിലും ഹൈഫയിലും ഏറ്റവുമൊടുവിലായ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ എട്ട് മരണം സംഭവിച്ചെന്നാണ് റിപ്പോർട്ട്. ഇറാൻ്റെ ബാലിസ്റ്റിക് മിസൈലാക്രമണങ്ങളിൽ എട്ടോളം ഇസ്രയേലുകാർ കൊല്ലപ്പെട്ടെന്നും ഒരു ഡസനിലേറെ പേർക്ക് പരിക്കേറ്റെന്നും അൽ ജസീറയാണ് റിപ്പോർട്ട് ചെയ്തത്.ഇറാൻ്റെ തലസ്ഥാനമായ തെഹ്റാനിന് നേരെ ഇസ്രയേൽ നടത്തിയ സ്ഫോടനങ്ങൾക്ക് പിന്നാലെയാണ് ഇറാൻ ശക്തമായി തിരിച്ചടിച്ചത്. നാല് ദിവസത്തോളമായി ഇറാന് നേരെ ഇസ്രയേൽ നടത്തുന്ന സൈനിക നീക്കങ്ങൾക്ക് പിന്നാലെ 224 പേരാണ് മരിച്ചത്. ഇതിൽ 70 പേർ സ്ത്രീകളും നല്ലൊരു ശതമാനം കുട്ടികളുമാണെന്ന് നേരത്തെ ഇറാൻ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു.അതേസമയം ഇസ്രയേൽ ആക്രമണങ്ങൾ രാജ്യത്തിനെതിരായ യുദ്ധമല്ല, മറിച്ച് ‘മനുഷ്യരാശിക്കെതിരായ’ യുദ്ധമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് അഭിപ്രായപ്പെട്ടത്. അന്താരാഷ്ട്ര സമൂഹത്തെയും അന്താരാഷ്ട്ര നിയമത്തെയും വെല്ലുവിളിക്കുന്ന ഒരു ക്രിമിനൽ സംഘം ആരംഭിച്ച യുദ്ധമാണ് നടക്കുന്നതെന്നും ഇസ്മായിൽ ബഗായ് തെഹ്‌റാനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.