“സഖി – ഫ്രണ്ട്സ് ഫോർ എവർ “: ഫോമയുടെ പ്രഥമ ത്രിദിന വനിതാ സംഗമം ചരിത്രമായി

എ.എസ് ശ്രീകുമാര്‍

പെന്‍സില്‍വേനിയ: ഫോമായുടെ ചരിത്രത്തില്‍ ആദ്യമായി  വിമന്‍സ് ഫോറം  സംഘടിപ്പിച്ച ‘സഖി  ഫ്രണ്ട്‌സ് ഫോർഎവര്‍’ എന്ന വിമന്‍സ് സമ്മിറ്റ് വനിതാ ശാക്തീകരണത്തിന്റെ വിളംബരമായി.   ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമായ പെന്‍സില്‍വേനിയയിലെ പോക്കനോസ് മലയടിവാരത്തിലെ വുഡ്‌ലാന്റ്‌സ് റിസോര്‍ട്ടില്‍ സെപ്റ്റംബര്‍ 26, 27, 28 തീയതികളില്‍, ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തില്‍ നടന്ന വിപുലമായ ഈ വനിതാ മെഗാ സംഗമം വിവിധ മേഖലകളില്‍പ്പെട്ട 200-ലധികം വനിതകളുടെ സജീവവും ക്രിയാത്മകവുമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

വനിതകളുടെ മുന്നേറ്റത്തിനും അവരുടെ മാനസികോല്ലാസത്തിനും പ്രാധാന്യം നല്‍കുന്ന പരിപാടികള്‍ വര്‍ണാഭമായി കോര്‍ത്തിണക്കിയ സംഗമത്തില്‍, ഉദ്ഘാടന സമ്മേളനത്തിന് പുറമെ വിവിധ സെഷനുകളും വിനേദ പരിപാടികളും ഗെയിമുകളും അരങ്ങേറി. വിശിഷ്ടാതിഥിയായ പ്രമുഖ ചലചിത്ര നടിയും നര്‍ത്തകിയും ടെലിവിഷന്‍ അവതാരകയുമായ സ്വാസിക ഭദ്രദീപം കൊളുത്തിയാണ് ത്രിദിന കൂട്ടായ്മ ഉദ്ഘാടനം ചെയ്തത്.

ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍, വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ സ്മിത നോബിള്‍, സെക്രട്ടറി ആശ മാത്യു, ട്രഷറര്‍ ജൂലി ബിനോയ്, വൈസ് ചെയര്‍ പേഴ്‌സണ്‍ ഗ്രേസി ജെയിംസ്, വിഷിന്‍ ജോ, ജോയിന്റ് സെക്രട്ടറി സ്വപ്ന സജി സെബാസ്റ്റ്യന്‍, ജോയിന്റ് ട്രഷറര്‍ മഞ്ജു പിള്ള തുടങ്ങിയവരും ചേര്‍ന്ന് നിലവിളക്ക് തെളിയിച്ചു.

കീനോട്ട് പ്രസംഗം നടത്തിയ സുപ്രീം കോടതി ആക്ടിങ് ജസ്റ്റിസ്, ആദരണീയയായ രാജ രാജേശ്വരി (റിച്ച്മണ്ട് കൗണ്ടി) വിമന്‍സ് ഫോറത്തിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു. ഐ.ടി പ്രൊഫഷണലും ഫാഷന്‍ ഷോകളുടെ കൊറിയോഗ്രാഫറും ഡിസൈന്‍ രംഗത്തെ നിറസാന്നിധ്യവുമായ  ശേഖറിന്റെ ‘ബോള്‍ഡ് വാക്ക് ചലഞ്ച്’ എന്ന മോട്ടിവേഷന്‍ സെഷന്‍ പുതിയ അനുഭവമായി. സമൂഹത്തിലെ സുപ്രധാന സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന സ്ത്രീ രത്‌നങ്ങള്‍ മനോഹരമാക്കിയ സഖി-ഫ്രണ്ട്‌സ് ഫോറെവര്‍ ഫോമായുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്നും വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘടനയ്‌ക്കെന്നും മുതല്‍ക്കുട്ടാണെന്നും പ്രസിഡന്റ് ബേബി മണക്കുന്നേല്‍ വ്യക്തമാക്കി. ഈ മെഗാ ഇവന്റിന് ഫോമായുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, റീജിയണല്‍ കമ്മിറ്റികളുമെല്ലാം ഹൃദ്യമായ പിന്തുണയേകി.

വിവിധ വിഷയങ്ങളെ സംബന്ധിക്കുന്ന സെമിനാറുകള്‍, ചര്‍ച്ചകള്‍, ക്ലാസുകള്‍, ‘മസ്‌കരേഡ്’ എന്ന ബോളിവുഡ് ഡാന്‍സ്,  നൃത്തവും സംഗീതവും മറ്റ് വിനോദ പരിപാടികളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ‘ബോണ്‍ ഫയര്‍ നൈറ്റ്’ തുടങ്ങിയവ സംഗമത്തിലെ ഹൈലൈറ്റുകളായിരുന്നു. ഫാഷന്‍ മേക്കപ്പ് രംഗത്തെ പ്രമുഖര്‍ നയിച്ച ക്ലാസ്സുകള്‍, ചര്‍മ്മ സംബന്ധമായ വിഷയങ്ങളും, അത് പരിഹരിക്കുന്നതിനുതകുന്ന നുറുങ്ങു പ്രതിവിധികളും വിശദമാക്കിയ പഠന കളരികള്‍, ആത്മവിശ്വാസത്തോടുകൂടി സമൂഹത്തിന്‍ സംസാരിക്കാനും പെരുമാറാനും പ്രതിസന്ധികളെ തരണം ചെയ്യാനും സഹായിക്കുന്ന ഗ്രൂമിംഗ് സെഷന്‍, ബിസിനസ് രംഗത്തെ പ്രമുഖരുടെ ക്ലാസ്സുകള്‍ തുടങ്ങിയവ സംഗമത്തെ സമ്പന്നമാക്കി.

വനിതാ മെഗാ സംഗമത്തിന്റെ ഗംഭീര വിജയത്തിനായി സ്‌പോണ്‍സര്‍ഷിപ്പിലൂടെ സാമ്പത്തിക പിന്തുണ നല്‍കിയ ബഹുമാന്യ വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമുള്ള അകൈതവമായ നന്ദി ഫോമ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും വിമന്‍സ് ഫോറവും   രേഖപ്പെടുത്തി.

മൂന്നു ദിവസത്തെ സുഖകരമായ താമസവും രുചികരമായ ഭക്ഷണവും ഏവര്‍ക്കും അനുഭവവേദ്യമായി. വിമന്‍സ് ഫോറം സജ്ജീകരിച്ച ‘ചായപ്പീടിക’യിലെ നാടന്‍ ചായയും നാലുമണി പലഹാരങ്ങളും ഗൃഹാതുര ഓര്‍മയായി. ഡയാന സ്‌കറിയ (ഷിക്കാഗോ), ഫ്‌ളോറിഡയില്‍ നിന്നുള്ള നീനു, സപ്ന നായര്‍, പ്രിന്‍സി (ഹൂസ്റ്റണ്‍) എന്നിവര്‍ വിവിധ ദിവസങ്ങളില്‍ നടന്ന വ്യത്യസ്തമായ പരിപാടികളുടെ എം സി മ്മാരായി പ്രവർത്തിച്ചു. 

FOMAA Woman summit

More Stories from this section

family-dental
witywide