
ജറുലസലേം: യുദ്ധത്തെ തുടർന്ന് ഭക്ഷ്യക്ഷാമം രൂക്ഷമായി നേരിടുന്ന ഗാസയെ പൂർണ്ണ ക്ഷാമ ബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ ഒരുങ്ങി ഐക്യരാഷ്ട്രസഭാ പിന്തുണയുള്ള ഇന്‍റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ.
ഒരു പ്രദേശത്ത് കുറഞ്ഞത് 20 ശതമാനം കുടുംബങ്ങളെങ്കിലും കടുത്ത ഭക്ഷ്യക്ഷാമം നേരിടുക, കുറഞ്ഞത് 30 ശതമാനം കുട്ടികളെങ്കിലും കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുക, ഓരോ 10,000 പേർക്കും രണ്ട് പേർ വീതം പൂർണ്ണമായ പട്ടിണി മൂലം ദിവസവും മരിക്കുക എന്നീ കാരണങ്ങൾ കൊണ്ടാണ് ഒരു പ്രദേശത്തെ പൂർണ്ണ ക്ഷാമ ബാധിത പ്രദേശമായി പ്രഖ്യാപിക്കുക.
പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇതുവരെ 2004ൽ ഐപിസി രൂപീകരിച്ചതിന് ശേഷം നാല് പ്രദേശങ്ങളെ മാത്രമാണ് പൂർണ്ണ ക്ഷാമ ബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ളൂ. അതേസമയം, ഗാസയിലെ പട്ടിണി മരണം 271 ആയെങ്കിലും ഗാസയിലെ പട്ടിണി മരണങ്ങൾ ഉൾപ്പെടെ ഇസ്രയേൽ തുടർച്ചയായി നിഷേധിക്കുകയാണ്.
അന്താരാഷ്ട്ര വിമർശനങ്ങൾ മറികടന്ന് ആക്രമണ പദ്ധതിക്ക് അന്തിമ അംഗീകാരം നൽകാനുള്ള നീക്കത്തിലാണ് ഇസ്രയേൽ. ഗാസയിൽ 60 ദിവസത്തെ വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനുമായി ഖത്തറും ഈജിപ്റ്റും ആവിഷ്കരിച്ച നിർദ്ദേശം ഹമാസ് അംഗീകരിച്ചെങ്കിലും ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.