ബാര്‍ബിക്യൂ, ചീസ്, പാസ്ത… കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവയാണോ? ഇനിയും എന്തൊക്കെ !

കാന്‍സര്‍ ഭീതിയില്ലാതെ ജീവിക്കുന്ന എത്രപേരെ കാണാനാകും നമുക്ക് ചുറ്റും. പരിചയത്തിലുള്ള ഒരാളെങ്കിലും ഈ രോഗാവസ്ഥയുമായി മല്ലിടുന്നത് കണ്ട് നെടുവീര്‍പ്പിടുന്നവരുമാണ് നാം. പലതരം കാന്‍സറുകളുണ്ട്. അതുപോലെ തന്നെ നിരവധി സാധ്യതകളും കാരണങ്ങളും ഇതിനു പിന്നിലുണ്ട്. എന്ത് എങ്ങനെ എന്നുള്ള ചോദ്യങ്ങള്‍ക്കുള്ള എല്ലാ ഉത്തരങ്ങളും വൈദ്യ ശാസ്ത്രത്തിന് അപ്രാപ്യമാണെങ്കിലും കാന്‍സറിന്റെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്ന് കരുതപ്പെടുന്ന ചില ഘടകങ്ങള്‍ ഇവയാണ്.

ജനിതക ഘടനയും പാരമ്പര്യവും ഇതലൊരു പങ്കുവഹിക്കുന്നു. അത് മാറ്റി നിര്‍ത്തിയാല്‍, മറ്റൊരു പ്രധാന കാരണം ജീവിതശൈലിയിലെ ചില തെറ്റായ ശീലങ്ങളാണ്. കാന്‍സറില്‍ 80 മുതല്‍ 90 ശതമാനം വരെ ബാഹ്യ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. ചില ഭക്ഷണങ്ങള്‍ ചിലതരം കാന്‍സറിനുള്ള ഉയര്‍ന്ന അപകടസാധ്യതയായി ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്‌കരിച്ച മാംസം, അമിതമായി വേവിച്ച ഭക്ഷണങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ ചിലതരം കാന്‍സറുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍. കൂടാതെ, മദ്യം, പാലുല്‍പ്പന്നങ്ങള്‍, പഞ്ചസാര, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയും ചിലതരം കാന്‍സറുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

ചില ഭക്ഷണങ്ങള്‍ ടൈപ്പ് 2 പ്രമേഹത്തിനും പൊണ്ണത്തടിക്കും സാധ്യത വര്‍ദ്ധിപ്പിക്കും, ഇവ ചിലതരം കാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില ഭക്ഷണങ്ങളില്‍ കാന്‍സറിന് കാരണമാകുന്ന ദോഷകരമായ വസ്തുക്കളായ കാര്‍സിനോജനുകള്‍ അടങ്ങിയിട്ടുണ്ട്. ഏതൊക്കെ ഭക്ഷണങ്ങളാണ് വ്യത്യസ്ത തരം കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതെന്ന് പരിശോധിക്കാം.

ഉപ്പിട്ടോ പുകച്ചോ ഉള്‍പ്പെടെ സംസ്‌കരിച്ച മാംസം ഉപയോഗിച്ച് തയ്യാറാക്കുന്ന ഹോട്ട് ഡോഗുകള്‍, സോസേജ്, കോണ്‍ഡ് ബീഫ്, ചില ബീഫ് വിഭവങ്ങള്‍ ഇവയൊക്കെ വില്ലനായേക്കാം. മാംസം സംസ്‌കരിക്കാന്‍ ഉപയോഗിക്കുന്ന രീതികള്‍ അര്‍ബുദകാരികള്‍ സൃഷ്ടിക്കും. ഉദാഹരണത്തിന്, നൈട്രേറ്റ് ഉപയോഗിച്ച് മാംസം ഉണക്കുന്നത് എന്‍-നൈട്രോസോ സംയുക്തങ്ങള്‍ എന്നറിയപ്പെടുന്ന അര്‍ബുദകാരികള്‍ ഉണ്ടാക്കും. സംസ്‌കരിച്ച മാംസം വന്‍കുടല്‍ കാന്‍സറും സ്തനാര്‍ബുദ സാധ്യതയും വര്‍ദ്ധിപ്പിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നതും ഗ്രില്ലിംഗ് പോലെ മാംസം അമിതമായി വേവിക്കുന്നതും അര്‍ബുദകാരികള്‍ ഉണ്ടാക്കും. ഉയര്‍ന്ന താപനിലയിലോ തുറന്ന തീയിലോ പാചകം ചെയ്യുമ്പോള്‍ ഭക്ഷണങ്ങള്‍ അമിതമായി വേവിക്കാനുള്ള സാധ്യത കൂടുതലാണ്. ഗ്രില്ലിംഗ്, ബാര്‍ബിക്യൂ പോലുള്ളവ നിയന്ത്രിച്ചു മാത്രം കഴിക്കണമെന്ന് സാരം. ചെറുതീയില്‍ ഏറെ നേരം വേവിക്കാം. അല്ലെങ്കില്‍ കുറഞ്ഞ താപനിലയിലുള്ള പാചകം ശീലമാക്കാം. മണ്‍പാത്രത്തിലോ സ്ലോ കുക്കറിലോ സാവധാനത്തില്‍ പാചകം ചെയ്യുക.

പാലുല്‍പ്പന്നങ്ങള്‍ പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നതിന് ചില തെളിവുകളടക്കം വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പാല്‍, ചീസ്, തൈര് തുടങ്ങിയവ ശീലമാക്കിയാല്‍, ഇന്‍സുലിന്‍ പോലുള്ളയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള ഉയര്‍ന്ന അപകടസാധ്യത വര്‍ധിപ്പിക്കുന്നു.

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകളും നിങ്ങളുടെ കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. പാശ്ചാത്യ ലോകത്തുനിന്നും മലയാളികള്‍ക്കിടയിലും പ്രിയമേറിയ വൈറ്റ് പാസ്ത, വൈറ്റ് ബ്രെഡ്, വൈറ്റ് റൈസ്… ഇവ സ്ഥിരമാക്കിയാല്‍ ടൈപ്പ് 2 പ്രമേഹത്തിനും പൊണ്ണത്തടിക്കും സാധ്യത വര്‍ദ്ധിക്കും. ഇതോടെ ചില തരം കാന്‍സറുകള്‍ക്കുള്ള സാധ്യതയും വര്‍ധിക്കും.

മദ്യം കഴിക്കുമ്പോള്‍, നിങ്ങളുടെ കരള്‍ മദ്യത്തെ അസറ്റാല്‍ഡിഹൈഡ് എന്ന ഒരു അര്‍ബുദ സംയുക്തമാക്കി വിഘടിപ്പിക്കുന്നു. സ്ത്രീകളില്‍, മദ്യം ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നുവെന്ന് 2015 ലെ ഒരു പഠനം പറയുന്നു. ഇത് ഈസ്ട്രജന്‍ റിസപ്റ്റര്‍ പോസിറ്റീവ് സ്തനാര്‍ബുദത്തിനുള്ള ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന്, ഈ ഭക്ഷണങ്ങളുടെ ഉപഭോഗം പരിമിതപ്പെടുത്താന്‍ ശ്രമിക്കുക, ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.