ട്രംപിനെ പ്രശംസിച്ച് അറബ്, പാകിസ്ഥാൻ വിദേശകാര്യ മന്ത്രിമാർ; ഹമാസ് സ്വീകരിച്ച നടപടികളെയും സ്വാഗതം ചെയ്തു

റിയാദ്: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും വേണ്ടിയുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വെടിനിർത്തൽ പദ്ധതിക്ക് ഹമാസ് നൽകിയ പ്രതികരണത്തെ പിന്തുണച്ച് ഖത്തർ, ജോർദാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), സൗദി അറേബ്യ, ഈജിപ്ത്, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ. സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ, ട്രംപിന്‍റെ നിർദ്ദേശത്തോട് ഹമാസ് സ്വീകരിച്ച നടപടികളെ മന്ത്രിമാർ സ്വാഗതം ചെയ്തു.

“ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും, ജീവിച്ചിരിക്കുന്നതോ അല്ലാത്തതോ ആയ എല്ലാ ബന്ദികളെയും മോചിപ്പിക്കാനും, നിർവ്വഹണ സംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഉടനടി ആരംഭിക്കാനുമുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിർദ്ദേശങ്ങളോട് ഹമാസ് സ്വീകരിച്ച നടപടികളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു,” പ്രസ്താവനയിൽ പറഞ്ഞു.

യുദ്ധം തകർത്ത പ്രദേശത്തെ ബോംബാക്രമണം ഉടനടി നിർത്തിവെക്കാനും ബന്ദി കൈമാറ്റ ഉടമ്പടി നടപ്പാക്കാൻ തുടങ്ങാനും ട്രംപ് ഇസ്രായേലിനോട് നടത്തിയ ആഹ്വാനത്തെയും മന്ത്രിമാർ പ്രശംസിച്ചു. “ഇത്തരം സംഭവവികാസങ്ങൾ സമഗ്രവും സുസ്ഥിരവുമായ വെടിനിർത്തൽ കൈവരിക്കുന്നതിനും, ഗാസ മുനമ്പിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ഗുരുതരമായ മാനുഷിക സാഹചര്യങ്ങൾ പരിഹരിക്കുന്നതിനും ഒരു യഥാർത്ഥ അവസരം നൽകുന്നു,” പ്രസ്താവന കൂട്ടിച്ചേർത്തു. നിർദ്ദേശം നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങളിൽ ധാരണയിലെത്തുന്നതിനും, അതിൻ്റെ എല്ലാ വശങ്ങളെയും അഭിസംബോധന ചെയ്യുന്നതിനും വേണ്ടിയുള്ള ചർച്ചകൾ ഉടനടി ആരംഭിക്കണമെന്നും ഉദ്യോഗസ്ഥർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Also Read

More Stories from this section

family-dental
witywide