
വിസ കാലാവധി കഴിഞ്ഞും അമേരിക്കയില്‍ തുടരുന്നത് തടയാന്‍ വിദേശികള്‍ 15,000ഡോളര്‍ വരെ വിസ ബോണ്ടുകള്‍ അടയ്ക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തിങ്കളാഴ്ച പ്രഖ്യാപിച്ചു.
വിനോദസഞ്ചാര, ബിസിനസ് വിസകളില്‍ യുഎസ് സന്ദര്‍ശിക്കുന്ന വിദേശികള്‍ക്കാണ് ഇത് ബാധകമാകുക. എല്ലാ രാജ്യങ്ങള്‍ക്കും ഈ ചട്ടം ബാധകമല്ല. ബാധകമായ രാജ്യങ്ങളുടെ പട്ടിക വൈകാതെ പ്രഖ്യാപിക്കും. ജനുവരിയില്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം കുടിയേറ്റ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളുടെ ഭാഗമാണ് ഈ നീക്കം.
ഏറ്റവും കുറഞ്ഞ ബോണ്ട് തുക 5,000 ഡോളറാണ്. യാത്രക്കാര്‍ വിസ നിബന്ധനകള്‍ പാലിച്ചാല്‍ പണം തിരികെ നല്‍കും. അനുവദനീയമായ കാലയളവിനപ്പുറം യുഎസില്‍ തുടരുന്നവര്‍ക്ക് മുഴുവന്‍ ബോണ്ടും നഷ്ടപ്പെടും.
പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി ഓഗസ്റ്റ് 20 ന് ആരംഭിച്ച് അടുത്ത വര്‍ഷം ഓഗസ്റ്റ് അഞ്ചുവരെയാകും നടത്തുക. ഇക്കാലയളവില്‍ ബി-1/ബി-2 വിസകള്‍ക്ക് അപേക്ഷിക്കുന്നവര്‍ ബോണ്ടുതുകയും നല്‍കണം. വിസാ കലാവധി കഴിഞ്ഞും അമേരിക്കയില്‍ തങ്ങുന്ന പൗരന്മാര്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നാണോ അധികമായുള്ളത് ആ രാജ്യങ്ങളെ ഈ പദ്ധതി സാരമായി ബാധിക്കും.









