
വാഷിംഗ്ടണ്‍: അമേരിക്കൻ സൈന്യം നടത്തിയ ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ ഇറാന്‍റെ ആണവ പദ്ധതിക്ക് കാര്യമായ തിരിച്ചടി ബൈഡൻ ഭരണകൂടത്തിലെ മിഡിൽ ഈസ്റ്റ് പ്രതിനിധിയായിരുന്ന ബ്രെറ്റ് മക്ഗർക്ക്. ഫോർദോ ആണവകേന്ദ്രം ഉൾപ്പെടെയുള്ള പ്രധാന ലക്ഷ്യങ്ങളെ വിജയകരമായി ആക്രമിച്ചതായി പ്രാഥമിക ബാറ്റിൽ ഡാമേജ് അസസ്മെന്റുകൾ (BDA) കാണിക്കുന്നുണ്ടെന്ന് ബ്രെറ്റ് മക്ഗർക്ക് വ്യക്തമാക്കി. ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഒരു പർവതത്തിനുള്ളിൽ ആഴത്തിൽ നിർമ്മിച്ചിട്ടുള്ള ഇറാന്‍റെ ഏറ്റവും പ്രധാനപ്പെട്ട ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളിലൊന്നാണ് ഫോർദോ.
സൈന്യം ബാറ്റിൽ ഡാമേജ് അസസ്മെന്റുകൾ നടത്തുമ്പോൾ സാധാരണയായി മൂന്ന് ഘട്ടങ്ങളുണ്ടെന്ന് മക്ഗർക്ക് വിശദീകരിച്ചു ഒന്നാം ഘട്ടം ലക്ഷ്യസ്ഥാനങ്ങൾക്ക് സംഭവിച്ച ഭൗതിക നാശനഷ്ടങ്ങൾ വിലയിരുത്തുന്നു. രണ്ടാം ഘട്ടം ലക്ഷ്യത്തിന്‍റെ പ്രവർത്തനപരമായ സ്വാധീനം വിലയിരുത്തുന്നു. മൂന്നാം ഘട്ടം ലഭ്യമായ എല്ലാ രഹസ്യാന്വേഷണ വിവരങ്ങളും ഉൾക്കൊണ്ട് ലക്ഷ്യമിട്ട സംവിധാനത്തിൽ ഉണ്ടായ മൊത്തത്തിലുള്ള സ്വാധീനം വിലയിരുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. .
വിലയിരുത്തലിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ ഓപ്പറേഷൻ വിജയകരമാണെന്ന് കണ്ടെത്തിയതായും, എന്നാൽ കൂടുതൽ സങ്കീർണ്ണമായ ലെവൽ ത്രീ വിലയിരുത്തൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നുമാണ് ഇന്നത്തെ പെന്‍റഗണിന്‍റെ വിശദീകരണം. അതിൽ യുഎസ് സർക്കാരിലെ ആണവ വിദഗ്ധരുടെ അഭിപ്രായങ്ങളും ഉൾപ്പെടുമെന്നും മക്ഗർക്ക് പറഞ്ഞു.