
അവ്യക്തമായ സോഷ്യല്‍ മീഡിയ പോസ്റ്റിനെ തുടര്‍ന്ന് മുന്‍ എഫ്ബിഐ മേധാവി ജെയിംസ് കോമി വിവാദത്തില്‍. മാത്രമല്ല, ഇദ്ദേഹമിപ്പോള്‍ യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലുമാണ്. ബീച്ചിലെ കക്കകള്‍ ഉപയോഗിച്ച് 8647′ എന്ന് എഴുതിയിരിക്കുന്ന ഒരു ചിത്രം അടുത്തിടെയാണ് കോമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വിവാദത്തിന് തിരികൊളുത്തി.
ഡോണള്‍ഡ് ട്രംപ് അനുകൂലികള്‍ പ്രസിഡന്റിനെതിരായ ഭീഷണിയായി ഇതിനെ വ്യാഖ്യാനിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു. ട്രംപിനെ ‘ഒഴിവാക്കാനുള്ള’ കോഡാണെന്നും അതിനുള്ള സോഷ്യല്‍ മീഡിയ പോസ്റ്റാണെന്നും വ്യാഖ്യാനങ്ങള്‍ വന്നതോടെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നു. ട്രംപിന്റെ ആദ്യ ഭരണകാലത്ത് അദ്ദേഹത്താല്‍ പുറത്താക്കപ്പെട്ട ജയിംസ് കോമി, റിപ്പബ്ലിക്കന്‍മാരില്‍ നിന്നും കോണ്‍ഗ്രസ് അംഗങ്ങളില്‍ നിന്നും കടുത്ത തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. തുടര്‍ന്ന് തന്റെ ഭാഗം വ്യക്തമാക്കുന്നതിനായി ഒരു പൊതു പ്രസ്താവന ഇറക്കുകയും ചെയ്തു.
‘ഇന്ന് ഒരു ബീച്ച് നടത്തത്തില്‍ കണ്ട ചില ഷെല്ലുകളുടെ ഒരു ചിത്രം ഞാന്‍ നേരത്തെ പോസ്റ്റ് ചെയ്തു, അത് ഒരു രാഷ്ട്രീയ സന്ദേശമാണെന്ന് ഞാന്‍ കരുതി. ചില ആളുകള്‍ ആ നമ്പറുകളെ അക്രമവുമായി ബന്ധപ്പെടുത്തുന്നുവെന്ന് എനിക്ക് മനസ്സിലായില്ല. അത് എനിക്ക് ഒരിക്കലും തോന്നിയില്ല, പക്ഷേ ഞാന്‍ ഏത് തരത്തിലുള്ള അക്രമത്തെയും എതിര്‍ക്കുന്നു, അതിനാല്‍ ഞാന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു,’ അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ എഴുതി.
8647 എന്താണ് അര്‍ത്ഥമാക്കുന്നത്?
86 എന്ന സംഖ്യ പൊതുവെ ‘ഒഴിവാക്കുക’, ‘പുറന്തള്ളുക’ അല്ലെങ്കില്‍ ‘നീക്കം ചെയ്യുക’ എന്ന അര്‍ത്ഥത്തില്‍ അമേരിക്കയില്‍ ഉപയോഗിക്കുന്നതാണ്. അതേസമയം, 47 എന്നത് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ 47-ാമത് പ്രസിഡന്റിനെ പരാമര്‍ശിക്കുന്നതായിരിക്കാമെന്ന് പലരും കണ്ടെത്തി. അതായത് ‘8647” എന്നത് ട്രംപിനെ ”ഒഴിവാക്കാന്‍” ഒരു ഭീഷണിയാണെന്ന് സൂചിപ്പിക്കുന്നുണ്ടെന്ന ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി. ഇതാണ് കോമിക്ക് വലിയ പ്രതിഷേധം നേരിടേണ്ടിവന്നത്.
കോമിയെ വിമര്‍ശിച്ചവരുടെ കൂട്ടത്തില്‍ ഡോണള്‍ഡ് ട്രംപ് ജൂനിയറുമുണ്ടായിരുന്നു. ട്രംപിന്റെ സഖ്യകക്ഷിയായ ലോറ ലൂമറും കോമിയെ വിമര്‍ശിച്ചു, ‘മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയുടെ പ്രസിഡന്റ് ട്രംപിനെ വധിക്കാനുള്ള ആഹ്വാനമാണിത്’ എന്ന് ലോറയും വിമര്‍ശനം ഉന്നയിച്ചു.
അതേസമയം, ജെയിംസ് കോമിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് സീക്രട്ട് സര്‍വീസും ഡിഎച്ച്എസും അന്വേഷിക്കുന്നുണ്ടെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു.