വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ഇന്ത്യക്കെതിരെ ഇരട്ട താരിഫ് ചുമത്തിയതിൽ രൂക്ഷ വിമർശനവുമായി യുഎസ് മുൻ പ്രസിഡൻ്റ് ജോ ബൈഡന്റെ സുരക്ഷാ ഉപദേഷ്‌ടാവും ഒബാമ ഭരണകൂടത്തിൽ നയരൂപവത്കരണ ഡയറക്‌ടറുമായ ജെയ്ക്ക് സള്ളിവൻ. ട്രംപ് അമേരിക്കൻ ബ്രാൻഡിന്റെ പ്രശസ്തിക്ക് കളങ്കംവരുത്തിയെന്നും ട്രംപിൻ്റെ ഉയർന്ന തീരുവ മൂലം ചൈന, യുഎസിനെക്കാൾ ഉത്തരവാദിത്വമുള്ള രാജ്യമാണെന്ന തോന്നലുണ്ടാക്കിയിരിക്കുന്നുവെന്നും ജെയ്ക്ക് സള്ളിവൻ ട്രംപിനെ ദി ബുൾവാർക്ക് പോഡ്കാസ്റ്റിൽ സംസാരിക്കവേ സള്ളിവൻ വിമർശിച്ചു.
ട്രംപിൻ്റെ ഇരട്ട തീരുവ ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളലുകൾക്ക് കാരണമാകും. ഇത് ഇന്ത്യയെ ചൈനയുമായി അടുപ്പിക്കാൻ സാധ്യതയുണ്ട്. നിരവധി രാജ്യങ്ങളിൽ യുഎസിനെക്കാൾ ചൈനയ്ക്ക് ജനപ്രീതി വർധിച്ചിരിക്കുന്നു. ഒരു വർഷം മുൻപ് ഇതായിരുന്നില്ല സ്ഥിതി. ഇപ്പോൾ പല രാജ്യങ്ങളും യുഎസ് ബ്രാൻഡ് തകർന്നെന്നും ചൈന കൂടുതൽ ഉത്തരവാദിത്വമുള്ള ശക്തിയായി മാറിയെന്ന് പറയുകയാണെന്നും സള്ളിവൻ പറഞ്ഞു.
ട്രംപിന്റെ പുതിയ നയങ്ങളുടെ ഫലമായി സഖ്യകക്ഷികൾക്ക് ഇപ്പോൾ യുഎസിനെ വിശ്വസിക്കാൻ കൊള്ളാത്ത നിലയിലേക്ക് ട്രംപ് എത്തിക്കുന്നു. ഇതിന് ഉദാഹരണമാണ് ചൈനയുമായി ഇന്ത്യയെ അടുക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. അന്യായമായ വ്യാപാര രീതികൾ, റഷ്യൻ ഇന്ധനം വാങ്ങുന്നത് നിർത്താൻ ഇന്ത്യയോട് ആവശ്യപ്പെട്ടത്, ഇന്ത്യക്കുനേരെ 50 ശതമാനം തീരുവ ചുമത്തിയത് തുടങ്ങിയവയെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു സള്ളിവൻ വിമർശനം.















