
മോസ്കോ: യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും തമ്മിലുള്ള ഭിന്നത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതികരിച്ച് മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവ്. എക്സിലൂടെയായിരുന്നു പ്രതികരണം. ട്രംപിനും മസ്‌കിനുമിടയില്‍ ‘സമാധാന കരാറിന്’ മധ്യസ്ഥത വഹിക്കാം. സേവനത്തിന് ന്യായമായ ഫീസ് മാത്രം നല്‍കിയാല്‍ മതിയെന്നാണ് ദിമിത്രി മെദ്വദേവ് കുറിച്ചത്. അല്ലെങ്കില്‍ സ്റ്റാര്‍ലിങ്ക് ഓഹരികള്‍ സ്വീകരിക്കാനും തയാറാണ്. വഴക്കിടരുത് സുഹൃത്തുക്കളെ എന്നും മെദ്വദേവ് എക്സിൽ എഴുതി.
മെദ്വദേവിന്റെ പോസ്റ്റിന് താഴെ മസ്‌ക് പ്രതികരിക്കുകയും ചെയ്തു.. ചിരിക്കുന്ന ഒരു സ്‌മൈലിയാണ് അദ്ദേഹം മറുപടിയായി നല്‍കിയത്. ട്രംപുമായി തെറ്റിയ സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചിരുന്നു. സ്റ്റേറ്റ് ഡ്യൂമ കമ്മിറ്റി ഓണ്‍ ഇന്‍റര്‍നാഷണല്‍ അഫയേഴ്സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി നോവികോവ് റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയോടു സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. മസ്‌ക് ആവശ്യപ്പെട്ടാല്‍ റഷ്യ അഭയം നല്‍കുമെന്ന് നോവികോവ് വ്യക്തമാക്കി.














