
ന്യൂയോർക്ക്: ചൈനയ്ക്ക് ഇളവ് നൽകി, ഇന്ത്യയെപ്പോലുള്ള ശക്തമായ ഒരു സഖ്യകക്ഷിയുമായുള്ള ബന്ധം തകർക്കരുതെന്ന് മുൻ യുഎസ് അംബാസഡർ നിക്കി ഹേലി എക്സിൽ കുറിച്ചു. ചൈനയ്ക്കുമേലുള്ള തീരുവ 90 ദിവസത്തേക്ക് നിർത്തിവെച്ചത് ഇരട്ടത്താപ്പാണെന്നും ഈ നീക്കം യുഎസ്-ഇന്ത്യ ബന്ധത്തിൽ വിള്ളലുണ്ടാക്കും. ഇന്ത്യയെപ്പോലുള്ള ഒരു സഖ്യകക്ഷിയുമായുള്ള ബന്ധം തകർക്കരുതെന്നും ഇന്ത്യക്കെതിരെ തീരുവ ചുമത്താനുള്ള പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശത്തെയും നിക്കി ഹേലി രൂക്ഷമായി വിമർശിച്ചു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുത് എന്ന് ഇന്ത്യയോട് പറയുന്ന അതേ സമയം തന്നെ എതിരാളിയും റഷ്യൻ, ഇറാനിയൻ എണ്ണയുടെ ഒന്നാം നമ്പർ ഉപഭോക്താവുമായ ചൈനയ്ക്ക് യു എസ് 90 ദിവസത്തെ താരിഫ് ഇളവ് നൽകി. ഇൻഡോ-പസഫിക് മേഖലയിലെ ജനാധിപത്യ രാജ്യങ്ങളുമായി, പ്രത്യേകിച്ച് ഇന്ത്യയുമായി, അടുത്ത പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലൂടെ ചൈനയുടെ ആഗോള സ്വാധീനത്തെ പ്രതിരോധിക്കാൻ സാധിക്കുമെന്നും ഹേലി വ്യക്തമാക്കി.
യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് എക്കാലവും ഹേലി സ്വീകരിച്ചിട്ടുള്ളത്. അതേസമയം, ഹേലിയുടെ അഭിപ്രായങ്ങളോടോ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെ ന്യായീകരിക്കുന്ന ഇന്ത്യയുടെ സമീപകാല പ്രസ്‌താവനകളോടോ വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.