
വാഷിംഗ്ടണ്‍: എല്ലാത്തിനും ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള പ്രവണത യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനുണ്ടെന്ന് അമേരിക്കയുടെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സംഘര്‍ഷം മൂര്‍ച്ഛിച്ച വേളയില്‍ താന്‍ ഇടപെട്ടാണ് വെടിനിര്‍ത്തല്‍ സാധ്യമാക്കിയതെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബോള്‍ട്ടൻ തുറന്നടിച്ചത്. ഇന്ത്യ ട്രംപിന്റെ അവകാശവാദം നിരവധി വട്ടം തള്ളിക്കളഞ്ഞിരുന്നു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ഫോണില്‍ സംസാരിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്. വൈസ് പ്രസിഡന്‍റ് ജെ ഡി വാന്‍സും സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്ക് റൂബിയോയും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. വിഷയത്തില്‍ എന്താണ് തങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുക എന്ന് അറിയാന്‍ മറ്റു രാജ്യങ്ങളും വിളിച്ചിട്ടുണ്ടാകും എന്നുറപ്പാണ്. മറ്റാരെങ്കിലും ക്രെഡിറ്റ് എടുക്കുന്നതിന് മുന്‍പ് ചാടിവീഴുക എന്നത് ട്രംപിന്റെ ശീലമാണ്. ചിലപ്പോഴിത് അസ്വസ്ഥാജനകമായിരിക്കും. എന്നാല്‍, ഇതില്‍ ഇന്ത്യക്കെതിരായി ഒന്നുമില്ല. ട്രംപ്, ട്രംപ് ആകുന്നതാണ്’ – ബോള്‍ട്ടണ്‍ പറഞ്ഞു.