
വാഷിംഗ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചുവെന്ന പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങളെ തള്ളി മുന്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. എല്ലാത്തിനും ക്രെഡിറ്റ് എടുക്കുന്നയാളാണ് ട്രംപ് എന്നും അദ്ദേഹം പരിഹസിച്ചു.
‘ഇത് എല്ലാത്തിനും ക്രെഡിറ്റ് എടുക്കുന്ന ഡോണാള്‍ഡ് ട്രംപാണ്… ഇത് ട്രംപിന്റെ സ്വഭാവമാണ്, കാരണം മറ്റുള്ളവര്‍ ക്രെഡിറ്റ് എടുക്കുന്നതിന് മുമ്പ് അദ്ദേഹം ചാടിവീഴും. ഇത് അരോചകമായിരിക്കാം, ഒരുപക്ഷേ പലരെയും അലോസരപ്പെടുത്താം, പക്ഷേ ഇത് ഇന്ത്യയ്ക്കെതിരായ ഒന്നുമല്ല, ട്രംപ് ട്രംപാകുക എന്നതാണ്,’ അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് തിരിച്ചടി നല്‍കിയ ഇന്ത്യയുടെ നടപടിയെ പൂര്‍ണ്ണമായും ന്യായീകരിക്കാവുന്നതാണെന്നും ബോള്‍ട്ടണ്‍ പറഞ്ഞു. ഏപ്രില്‍ 22 ന് കശ്മീരില്‍ 26 പേരുടെ ജീവന്‍ അപഹരിച്ച ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരെ സ്വയം പ്രതിരോധത്തിനായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുന്നതിനിടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന്‍ അതിര്‍ത്തിക്കുള്ളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.