ഇന്ത്യയുടെ മൂല്യങ്ങൾക്കായി ശബ്‍ദം ഉയർത്തൂ, രാഹുലിന് ഉപദേശവുമായി മുൻ യുഎസ് ഉദ്യോഗസ്ഥൻ; ‘രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവയ്ക്കൂ’

വാഷിംഗ്ടൺ: ഇന്ത്യയിൽ ജനാധിപത്യം ഭീഷണി നേരിടുന്നുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കൊളംബിയയിലെ പരാമർശത്തിന് മറുപടിയുമായി മുൻ യുഎസ് ഉദ്യോഗസ്ഥൻ റേമണ്ട് വിക്കറി. ഇന്ത്യൻ നേതാക്കൾ പാർട്ടി രാഷ്ട്രീയത്തിന് അതീതമായി, രാജ്യത്തിന്‍റെ മൂല്യങ്ങളെയും താത്പര്യങ്ങളെയും പ്രതിനിധീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ വിക്കറി തന്റെ നിലപാട് വ്യക്തമാക്കി. അമേരിക്കയിലും ഇന്ത്യയിലും പൊതു മൂല്യങ്ങൾക്കായി സംസാരിക്കുന്ന ദ്വികക്ഷി സംവിധാനം തകർന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

“രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച്, ഇന്ത്യൻ നേതാക്കൾ, ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ, ഇന്ത്യയുടെ മൂല്യങ്ങൾക്കും താത്പര്യങ്ങൾക്കും വേണ്ടി ശബ്ദമുയർത്തണം. ഞങ്ങൾ അമേരിക്കയിൽ റിപ്പബ്ലിക്കൻ-ഡെമോക്രാറ്റ് വ്യത്യാസമില്ലാതെ ഈ മൂല്യങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കാട്ടാൻ ശ്രമിച്ചിരുന്നു. എന്നാൽ, അമേരിക്കയിൽ ആ സംവിധാനം തകർന്നു, ഇന്ത്യയിലും അത് സംഭവിക്കുന്നതായി ഞാൻ ആശങ്കപ്പെടുന്നു,” വിക്കറി പറഞ്ഞു.

എല്ലാ രാഷ്ട്രീയ നേതാക്കളും ദേശീയ മുൻഗണനകളെക്കുറിച്ച് വിശാലമായ കാഴ്ചപ്പാട് പുലർത്തണമെന്ന് വിക്കറി ഉപദേശിച്ചു. “ഈ വിശാലമായ കാഴ്ചപ്പാട് എല്ലാ മേഖലകളിലും പ്രകടിപ്പിക്കാൻ കഴിഞ്ഞാൽ അത് വളരെ ഉപകാരപ്രദമാകും. ഇന്ത്യ ഈ ദിശയിൽ മുന്നോട്ടുപോകുമെന്നാണ് എന്റെ പ്രതീക്ഷ,” അദ്ദേഹം അഭിപ്രായപ്പെട്ടു.
നേതാക്കൾ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ആയാലും, രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കണമെന്ന് വിക്കറി പറഞ്ഞു. “നിങ്ങൾ ഏത് പക്ഷത്താണെങ്കിലും, രാജ്യത്തിന്റെ മൂല്യങ്ങൾക്കും താത്പര്യങ്ങൾക്കും വേണ്ടിയുള്ള നിലപാടാണ് സ്വീകരിക്കേണ്ടത്,” അദ്ദേഹം നിരീക്ഷിച്ചു.

More Stories from this section

family-dental
witywide