
പാരിസ്: യൂറോപ്യൻ യൂണിയനും അമേരിക്കയും തമ്മിൽ ഞായറാഴ്ച ഒപ്പുവെച്ച വ്യാപാരക്കരാറിനെ രൂക്ഷമായി വിമർശിച്ച് ഫ്രാൻസ് പ്രധാനമന്ത്രി ഫ്രാൻസ്വാ ബെയ്‌റൂ. ഇത് യൂറോപ്പിന് ഒരു ഇരുണ്ട ദിനമാണെന്ന് അദ്ദേഹം തുറന്നടിച്ചു. സ്വതന്ത്ര ജനതയുടെ ഒരു സഖ്യം തങ്ങളുടെ മൂല്യങ്ങൾ ഉറപ്പിക്കാനും താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ഒത്തുചേർന്ന ശേഷം കീഴ്പ്പെടാൻ തീരുമാനിക്കുന്നത് ഒരു ഇരുണ്ട ദിവസമാണ് എന്ന് ബെയ്‌റൂ തിങ്കളാഴ്ച എക്സിൽ കുറിച്ചു.
ഈ കരാർ ചില യൂറോപ്യൻ നേതാക്കൾ സ്വാഗതം ചെയ്തപ്പോൾ, മറ്റുചിലർ നിരാശ പ്രകടിപ്പിച്ചു. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള മിക്ക ഇറക്കുമതികൾക്കും 15 ശതമാനം താരിഫ് നിശ്ചയിക്കുന്ന ഭാവിയിലെ വ്യാപാര ഉടമ്പടിക്കുള്ള ഒരു ചട്ടക്കൂടാണ് ഈ കരാർ. ഞായറാഴ്ചത്തെ കരാർ ആശ്വാസ നിമിഷമാണെങ്കിലും ആഘോഷിക്കാനുള്ള വകയല്ല എന്നാണ് ബെൽജിയൻ പ്രധാനമന്ത്രി ബാർട്ട് ഡി വെവർ പറഞ്ഞത്.
അമേരിക്ക തക്കസമയത്ത് സംരക്ഷണവാദത്തിൻ്റെ മിഥ്യാബോധത്തിൽ നിന്ന് പിന്തിരിയുകയും സ്വതന്ത്ര വ്യാപാരത്തിൻ്റെ മൂല്യം വീണ്ടും സ്വീകരിക്കുകയും ചെയ്യുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. ഇത് പങ്കിട്ട സമൃദ്ധിയുടെ ഒരു മൂലക്കല്ലാണ് എന്നും അദ്ദേഹം ഞായറാഴ്ച എക്സിൽ കുറിച്ചു.
യൂറോപ്യൻ പാർലമെന്‍റിന്‍റെ വ്യാപാര സമിതി ചെയർമാൻ ബെർൺഡ് ലാഞ്ച് ഈ കരാറിനെ തൃപ്തികരമല്ല എന്നാണ് വിശേഷിപ്പിച്ചത്. ഇതൊരു പക്ഷപാതപരമായ കരാറാണ്. അംഗീകരിക്കാൻ പ്രയാസമുള്ള ഇളവുകൾ വ്യക്തമായും നൽകിയിട്ടുണ്ട് എന്നും അദ്ദേഹം എക്സിൽ കുറിച്ചു.