
പാരീസ്: ഈ മാസം ഒരു ഫ്രഞ്ച് ശാസ്ത്രജ്ഞന് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചുവെന്ന് ഫ്രാൻസിലെ ഗവേഷണ മന്ത്രി. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്‍റെ ഫോൺ പരിശോധിച്ചപ്പോൾ ട്രംപ് ഭരണകൂടത്തെ വിമർശിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പ്രവേശനം നിഷേധിച്ചതെന്ന് ഫ്രാൻസിൻ്റെ ഉന്നത വിദ്യാഭ്യാസ ഗവേഷണ മന്ത്രി ഫിലിപ്പ് ബാപ്റ്റിസ്റ്റ് പറഞ്ഞു.
ഹൂസ്റ്റണിനടുത്തുള്ള ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ യാത്ര ചെയ്ത ഫ്രഞ്ച് നാഷണൽ സെൻ്റർ ഫോർ സയൻ്റിഫിക് റിസർച്ചിലെ (CNRS) ഒരു ഫ്രഞ്ച് ഗവേഷകന് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കുകയും പിന്നീട് പുറത്താക്കുകയും ചെയ്തു എന്ന വിവരം ഞാൻ ആശങ്കയോടെയാണ് അറിഞ്ഞത്. ഗവേഷകന്റെ ഫോണിൽ സഹപ്രവർത്തകരുമായും സുഹൃത്തുക്കളുമായും നടത്തിയ സംഭാഷണങ്ങളിൽ ട്രംപ് ഭരണകൂടത്തിൻ്റെ ഗവേഷണ നയത്തെക്കുറിച്ച് വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിച്ചതിനാലാണ് അമേരിക്കൻ അധികൃതര്‍ ഈ നടപടി സ്വീകരിച്ചതെന്ന് വ്യക്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അഭിപ്രായ സ്വാതന്ത്ര്യം, സ്വതന്ത്ര ഗവേഷണം, അക്കാദമിക് സ്വാതന്ത്ര്യം എന്നിവ ഫ്രാൻസ് അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളാണ്. നിയമം അനുസരിച്ച്, എല്ലാ ഫ്രഞ്ച് ഗവേഷകർക്കും അവയോട് വിശ്വസ്തത പുലർത്താനുള്ള അവകാശത്തെ സംരക്ഷിക്കുമെന്നും ഫിലിപ്പ് ബാപ്റ്റിസ്റ്റ് പറഞ്ഞു.