ലോകത്തെ മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഉസ്മാനെ ഡെംബലെയ്ക്ക്

പാരീസ് : ലോകത്തെ ഏറ്റവും മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഉസ്മാനെ ഡെംബലെയ്ക്ക്. ബാർസിലോനയുടെ സ്പാനിഷ് താരം ലമീൻ യമാലിനെ പിന്തള്ളിയാണ് ഡെംബലെ പുരസ്‌കാരത്തിന് അർഹനായത്. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ഡെംബലെയുടെ ആദ്യ ബാലണ്‍ദ്യോര്‍ പുരസ്‌കാരനേട്ടമാണിത്. പുരസ്കാര വേളയിൽ വികാരഭരിതനായ താരം ഈ നിമിഷത്തിലേക്കുള്ള ദൂരം ഒട്ടും എളുപ്പമായിരുന്നില്ലെന്നും പി എസ് ജി ക്ലബിനും പരിശീലകൻ ലൂയിസ് എൻറികിനും പ്രത്യേകം നന്ദിയറിയിക്കുന്നതായും പ്രതികരിച്ചു.

കഴിഞ്ഞവര്‍ഷം ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കായി മിന്നും പ്രകടനമാണ് ഉസ്മാനെ ഡെംബലെ കാഴ്ചവെച്ചത്. പിഎസ്ജിക്കായി 33 ഗോളുകളും 15 അസിസ്റ്റുകളും ഡെംബലെ നേടി. പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്നതില്‍ നിര്‍ണായകമായിരുന്നു ഡെംബലെയുടെ പ്രകടനം. ചരിത്രത്തില്‍ ആദ്യമായാണ് പിഎസ്ജി ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടുന്നത്. ഇതിന് പുറമേ ഫ്രഞ്ച് ലീഗും ഫ്രഞ്ച് കപ്പും പിഎസ്ജി സ്വന്തമാക്കിയിരുന്നു.

റെയ്മണ്ട് കോപ്പ (1958), മിഷേൽ പ്ലാറ്റിനി (1983, 1984, 1985), ജീൻ പിയേർ പാപിൻ (1991), സിനദിന്‍ സിദാൻ (1998), കരിം ബെൻസേമ (2022) എന്നിവർക്കുശേഷം ബലോൻ ദ് ഓർ നേടുന്ന ഫ്രഞ്ച് ഫുട്ബോളറാണ് ഡെംബലെ. സ്പാനിഷ് ക്ലബ് ബാർസിലോനയുടെ മിഡ്ഫീൽഡർ അയ്റ്റാന ബോൺമറ്റി ഇത്തവണയും മികച്ച വനിതാ താരത്തിനുള്ള ബലോൻ ദ് ഓർ ഫെമിനിൻ പുരസ്കാരം നേടി. തുടർച്ചയായ മൂന്നാം തവണയാണ് അയ്റ്റാന ബോൺമറ്റി ബലോൻ ദ് ഓർ ഫെമിനിൻ പുരസ്കാരത്തിന് അർഹയാകുന്നത്. ഇതിഹാസ താരങ്ങളായ ലയണൽ മെസ്സി, മിഷേൽ പ്ലാറ്റിനി എന്നിവർക്കു ശേഷം മൂന്നു തവണ തുടർച്ചയായി ബലോൻ ദ് ഓർ പുരസ്‌കാരം നേടുന്ന താരമാണ് അയ്റ്റാന ബോൺമറ്റി.

മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ബാർസിലോന സ്പാനിഷ് താരം ലമീൻ യമാൽ സ്വന്തമാക്കി. 21 വയസ്സിനു താഴെയുള്ള താരങ്ങൾക്കു നൽകുന്ന ഈ പുരസ്കാരത്തിന് തുടർച്ചയായ രണ്ടാം തവണയാണ് 18 വയസുകാരനായ ലമീൻ യമാൽ അർഹനാകുന്നത്.

More Stories from this section

family-dental
witywide