കർണാടകയിൽ മലകയറ്റത്തിനിടെ തെന്നിവീണു; ഫ്രഞ്ച് സഞ്ചാരിയുടെ കാലിന് ഗുരുതര പരുക്ക്, രക്ഷപെട്ടത് രണ്ടുദിവസങ്ങൾക്കുശേഷം

ഹംപി: കർണാടകയിലെ ഹംപിയിൽ മലകയറ്റത്തിനിടെ വീണ് പരിക്കേറ്റ് രണ്ട് ദിവസത്തോളം കുടുങ്ങിക്കിടന്ന ഫ്രഞ്ച് സഞ്ചാരിയെ രക്ഷപ്പെടുത്തി. 52 വയസ്സുകാരനായ ബ്രൂണോ റോജർ എന്ന ഫ്രഞ്ച് പൗരനാണ് അപകടത്തിൽപ്പെട്ടത്. ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന ബ്രൂണോ റോജർ ഹംപിയിലെ കദിരാംപുരയിലുള്ള ഒരു ഹോംസ്റ്റേയിലായിരുന്നു താമസിച്ചിരുന്നത്. ഡിസംബർ 24 വൈകുന്നേരം 6 മണിയോടെ ഹംപിയിലെ അഷ്ടഭുജ സ്നാനഘട്ടിന് സമീപമുള്ള മലയിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഇദ്ദേഹം തെന്നിവീഴുകയായിരുന്നു.
വീഴ്ചയിൽ ഇദ്ദേഹത്തിന്റെ കാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചലിക്കാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തു.

വിജനമായ സ്ഥലമായതിനാൽ രണ്ട് ദിവസത്തോളം ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഇദ്ദേഹം അവിടെ കഴിയേണ്ടി വന്നു. കഠിനമായ വേദനക്കിടയിലും കുന്നിൻ ചുവട്ടിൽ നിന്നും അടുത്തുള്ള ഒരു വാഴത്തോട്ടത്തിലേക്ക് ഇദ്ദേഹം നിരങ്ങിയെത്തുകയും അവിടെ വെച്ച് കർഷകർ ഇദ്ദേഹത്തെ കാണുകയും ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പൊലീസും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇദ്ദേഹത്തെ കൊപ്പൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.


French tourist suffers serious leg injury after slipping while climbing in Karnataka, survives two days