
സോഡ മുതല്‍ ഉപ്പ് വരെ, അമേരിക്കന്‍ യുവാക്കളില്‍ വൃക്ക ആരോഗ്യത്തെ വഷളാക്കുന്ന ദൈനംദിന ഭക്ഷണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ആരോഗ്യ വിദഗ്ദ്ധര്‍. പ്രമേഹമോ, രക്താതിസമര്‍ദ്ദമോ ഇല്ലെങ്കിലും അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്ന യുവാക്കള്‍ക്ക് വൃക്ക തകരാറിലാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു.

സോഡിയം, ഫോസ്ഫേറ്റുകള്‍, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ ജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ യുവാക്കളില്‍ വൃക്കയ്ക്ക് ‘ പണി കിട്ടും’. രക്ത ശുദ്ധീകരണം, ഇലക്ട്രോലൈറ്റ് ബാലന്‍സ്, രക്തസമ്മര്‍ദ്ദ നിയന്ത്രണം, അസ്ഥികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യം എന്നിവയ്ക്കായി മനുഷ്യശരീരത്തില്‍ നിശബ്ദമായി പണിയെടുത്തുകൊണ്ടിരിക്കുകയാണ് വൃക്കകള്‍.

സോഡയുടെ, പ്രത്യേകിച്ച് കോളപോലുള്ളവയുടെ ഉപയോഗം വൃക്ക തകരാറുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. യൂറിക് ആസിഡ് വര്‍ദ്ധിപ്പിക്കുകയും ഇന്‍സുലിന്‍ പ്രതിരോധം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഡാര്‍ക്ക് സോഡകളില്‍ കാണപ്പെടുന്ന ഫോസ്ഫോറിക് ആസിഡ് അസ്ഥികളില്‍ നിന്ന് കാല്‍സ്യം വലിച്ചെടുക്കുകയും വൃക്കകളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

സംസ്‌കരിച്ച മാംസങ്ങള്‍ പല ഭക്ഷ്യവസ്തുക്കളിലും പ്രധാന പ്രോട്ടീനുകളാണ്. ബേക്കണും സോസേജും അടക്കമുള്ളവയിലെ ഉയര്‍ന്ന സോഡിയവും പ്രിസര്‍വേറ്റീവുകളും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനും വൃക്കയെ പിണക്കാനും കാരണമാകും. വൈറ്റ് ബ്രെഡ്, പേസ്ട്രികള്‍, റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ അമിതവണ്ണം, ഇന്‍സുലിന്‍ പ്രതിരോധം, വീക്കം എന്നിവയ്ക്ക് കാരണമാകുന്നു, ഇവയെല്ലാം വൃക്ക തകരാറിനുള്ള അപകട ഘടകങ്ങളാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെയും ഇന്‍സുലിന്റെയും അളവ് വര്‍ദ്ധിപ്പിക്കുന്ന ഇത്തരം ഭക്ഷണം കൊഴുപ്പിന്റെ അളവ് വര്‍ദ്ധിപ്പിച്ച് വൃക്കയിലെ കല്ലുകളിലേക്ക് എത്തിക്കും.

പാക്ക് ചെയ്ത നൂഡില്‍സ്, ടിന്നിലടച്ച സൂപ്പ്, പാക്ക്ചെയ്ത ചീസ്, സോസ് എന്നിവയിലെ ഉപ്പ് പ്രശ്നക്കാരനാണ്. രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം രക്തത്തില്‍ ഉപ്പ് അടിഞ്ഞുകൂടുന്നതിനും ഇത് കാരണമാകുന്നു. ബര്‍ഗറുകള്‍, ഫ്രഞ്ച് ഫ്രൈകള്‍, പിസ്സ എന്നിങ്ങനെയുള്ള ഫാസ്റ്റ് ഫുഡില്‍ കലോറി മാത്രമല്ല, സോഡിയം, ട്രാന്‍സ് ഫാറ്റുകള്‍, വൃക്കകളുടെ പ്രവര്‍ത്തനത്തെ അമിതമാക്കുന്ന തരത്തിലുള്ള സംസ്‌കരിച്ച ചേരുവകള്‍ എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ചീര, ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ്, നട്സ് തുടങ്ങിയ ഓക്സലേറ്റ് കൂടുതലുള്ള ഭക്ഷണങ്ങള്‍ മിതമായ അളവില്‍ കഴിക്കുന്നത് ആരോഗ്യകരമാണെങ്കിലും കൂടുതല്‍ കഴിക്കുന്തോറും വൃക്കയില്‍ കല്ലുകള്‍ ഉണ്ടായിട്ടുള്ള രോഗികള്‍ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാം.

ഭക്ഷണത്തില്‍ നിന്നും സോഡിയം പരമാവധി കുറയ്ക്കുക. പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ക്ക് പകരം, പുതിയവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
സോഡയ്ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും പകരം, ധാരാളം വെള്ളം കുടിക്കുക.
വൃക്കകള്‍ക്ക് പ്രശ്നമുള്ള ആളാണെങ്കില്‍, നിങ്ങളുടെ പ്രോട്ടീന്‍ ഉപയോഗം ശ്രദ്ധിക്കുക. രക്തത്തിലെ പഞ്ചസാരയുടെയും രക്തസമ്മര്‍ദ്ദത്തിന്റെയും അളവ് കൃത്യമായി നിലനിര്‍ത്തുക. പല സാധാരണ അമേരിക്കന്‍ ഭക്ഷണക്രമങ്ങളും നിങ്ങളുടെ വൃക്കയുടെ ആരോഗ്യത്തെ പതുക്കെ നഷ്ടപ്പെടുത്തിയേക്കാം! അതിനാല്‍ ഭക്ഷണ ക്രമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഇനിയും മടിക്കരുത്.
