
മലയാളി സമൂഹത്തിന് അഭിമാനമായി ഇല്ലിനോയ് നിയമ നിർമ്മാണ സഭയിലേക്ക് ഡിസ്ട്രിക്ട് 12 ൽ (Goldcoast, Lincoln Park, Lakeview.) നിന്നു മത്സരിക്കുന്ന ലിറ്റ്സി കുരിശുങ്കലിനായി ഷിക്കാഗോയിലെ പൌരപ്രമുഖരായ മലയാളികളുടെ നേതൃത്വത്തിൽ വിപുലമായ ഫണ്ട് റെയ്‌സിങ്ങ് ക്യാംപെയ്ൻ സംഘടിപ്പിച്ചു. ഒക്‌ടോബർ 17 , വെളളി വൈകിട്ട് മോർട്ടൻ ഗ്രോവ് സെൻ്റ് മേരീസ് ക്നാനായ പള്ളി ഹാളിലായിരുന്നു പരിപാടി.

മലയാളി സമൂഹം ഏറെയുള്ള ഷിക്കാഗോ പോലുള്ള ഒരു നഗരത്തിൽ നിന്ന് മലയാളിയായ ഒരു ജനപ്രതിനിധി ഉണ്ടായിരിക്കേണ്ടത്. മലയാളി സമൂഹത്തിന്റെ വളർച്ചക്കും വികാസത്തിനും പുരോഗതിക്കും നിലനിൽപ്പിനും ആവശ്യമാണെന്ന് ചടങ്ങിൽ സംസാരിച്ച ലിറ്റ്സി പറഞ്ഞു.
ഏത് ഓഫിസിലായാലും അവിടെ ഒരു മലയാളി ഉണ്ടെങ്കിൽ അവിടത്തെ നിലവാരം ഉയർന്നതായിരിക്കും എന്നതിൽ ഒരു സംശയവും വേണ്ട. മലയാളി കൈവെക്കുന്ന എല്ലാ മേഖലയും അത്തരത്തിലാണ്, ഒരു മികച്ച വ്യത്യാസം കൊണ്ടു വരാൻ മലയാളിക്ക് കഴിയും, അതിനായി പരിശ്രമിക്കും. ഒരു സ്റ്റേറ്റ് റെപ്രസൻ്റേറ്റിവ് ഏതെങ്കിലും ഒരു ഡിസ്ട്രിക്ടിനെയായിരിക്കും പ്രതിനിധീകരിക്കുക പക്ഷേ, ഒരു സംസ്ഥാനത്തെ സംബന്ധിക്കുന്ന എല്ലാ നിയമ നിർവഹണങ്ങളിലും വോട്ട് ചെയ്യാൻ അവകാശമുള്ളതിനാൽ എല്ലാ ജനപ്രതിനിധികളും വളരെ നിർണായകമാണ് – ലിറ്റ്സി പറഞ്ഞു. ഞാൻ എൻ്റെ ക്യാംപെയ്ൻ തുടങ്ങിയപ്പോൾ തന്നെ ഇല്ലിനോയ് നഴ്സസ് അസോസിയേഷൻ എന്നെ ബന്ധപ്പെട്ടിരുന്നു. ശരിക്കും നമ്മുടെ ഇന്ത്യൻ നഴ്സുമാർ സൂപ്പർ ഹീറോകളാണ്. ആശുപത്രിയിലും വീട്ടിലും ഒരേ പോലെ ദീർഘ നേരം ജോലിചെയ്യുന്നവരാണ്. പക്ഷേ ആശുപത്രികളിൽ അവരുടെ ജോലി സാഹചര്യം മെച്ചപ്പെടത്താൻ ആവശ്യമായ ചില നിയമനിർമാണങ്ങൾ ആവശ്യമാണ്. അതുപോലെ തന്നെ, ഗ്യാസ് സ്റ്റേഷൻ നടത്തുന്ന വ്യവസായികളെ സംബന്ധിച്ച് അവരുടെ നികുതി – ഇൻഷുറൻസ് സംബന്ധമായ നിയമനിർമാണം നടത്തേണ്ട സാഹചര്യം വരുമ്പോൾ അവർക്ക് ഒപ്പം നിൽക്കേണ്ടവരാണ് ഡിസ്ട്രിക്ട് റെപ്രസെൻ്റേറ്റീവ്സ്. എല്ലാവരുടേയും ജീവിതത്തെ ബാധിക്കുന്ന എന്തെങ്കിലുമൊക്കെ കാര്യങ്ങളിൽ നിയമനിർമാണം നടത്തുന്നവരാണ് ഈ പ്രതിനിധികൾ. തീർച്ചയായും മലയാളികൾ ഏറെ പേരുള്ള ഷിക്കാഗോയിൽ അവരെ പ്രതിനിധീകരിക്കുന്നവരുണ്ടെങ്കിൽ മാത്രമേ അവരുടെ ജീവിതത്തേയും വരും തലമുറകളുടെ ജീവിതത്തേയും ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ സാധിക്കുകയുള്ളു. ഷിക്കാഗോ കുറ്റകൃത്യങ്ങൾക്ക് പേരുകേട്ട നഗരമാണ്. അതുകൊണ്ടു തന്നെ, എൻ്റെ മുൻഗണന പൊതു സുരക്ഷയ്ക്ക് ആയിരിക്കും. കുറ്റകൃത്യങ്ങളുടെ അടിസ്ഥാന കാരണങ്ങൾ മനസ്സിലാക്കി കൃത്യമായ ആസൂത്രണത്തോടെ പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കും. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിൻ്റെ ഭാഗമായി ഷിക്കാഗോയിലും മറ്റു പല സംസ്ഥാനങ്ങളിലും നടമാടുന്ന റെയ്ഡുകളും മറ്റും നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരിക്കും. അതിനെതിരെ നിരന്തരം പ്രതികരിക്കുന്ന വ്യക്തിയാണ്ഞാൻ. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിച്ചില്ലെങ്കിൽ നമ്മൾ ഇരകളാക്കപ്പെടും എന്നതാണ് വസ്തുത. നമ്മുടെ ഭാവി നമ്മൾ തീരുമാനിച്ചില്ലെങ്കിൽ അത് മറ്റാരെങ്കിലും തീരുമാനിക്കും എന്ന കാര്യം മറന്നു പോകരുത്. നിങ്ങൾ നൽകുന്ന ഒരോ ഡോളറും നിങ്ങളുടെ അധ്വാനത്തിൻ്റെ വിലയാണ് എന്ന് എനിക്ക് അറിയാം, അതിന് ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കും. നിങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി എന്നും ഒപ്പം നിൽക്കും ലിറ്റ്സി പറഞ്ഞു.

എല്ലാ യുഎസ് മലയാളികളും കേരളത്തിലെ രാഷ്ട്രീയത്തിൽ തൽപരരാണെങ്കിലും അമേരിക്കയിലെ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പിലും അവർ വളരെ കുറച്ചുമാത്രമേ ഇടപെടാറുള്ളു എന്ന് ടോമി മെതിപ്പാറ പറഞ്ഞു. നമ്മളെ അറിയുന്ന ഒരു വ്യക്തി നമ്മളെ പ്രതിനിധീകരിക്കുന്നെങ്കിൽ മാത്രമേ നമ്മുടെ ആവശ്യങ്ങളും അവകാശങ്ങളും അഭിസംബോധന ചെയ്യപ്പെടുകയുള്ളു. അതിനാൽ ഒരു മലയാളിയെ കൂടി നിയമനിർമാണ സഭയിലേക്ക് അയക്കേണ്ടത് മലയാളികളെ സംബന്ധിച്ച് അനിവാര്യമാണ് എന്ന് ടോമി പറഞ്ഞു.
ഷിക്കാഗോ മലയാളി സമൂഹത്തിൽ നിന്ന് ആദ്യമായി ഇത്തരമൊരു പദവിയിലേക്ക് മൽസരിക്കുന്ന സ്ത്രീയാണ് ലിറ്റ്സിയെന്നും ആ പദവി വഹിക്കാൻ എന്തുകൊണ്ടും അർഹതയുള്ള വ്യക്തിയാണ് ലിറ്റ്സിയെന്നും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഷിക്കാഗോ 16 ഡിസ്ട്രിക്ട് പ്രതിനിധിയും മലയാളിയുമായ കെവിൻ ഓലിക്കൽ പറഞ്ഞു. നഴ്സുമാർ, എൻജിനീയർമാർ, ഡോക്ടർമാർ, വ്യവസായികൾ തുടങ്ങി ഷിക്കാഗോയിലെ പ്രബലമായ ഒരു സമൂഹമാണ് ഇന്ത്യക്കാർ , പ്രത്യേകിച്ച് മലയാളികൾ, അതിനാൽ ആ സമൂഹത്തെ പ്രതിനിധീകരിക്കുന്നവർ ഇനിയും ഉയർന്നുവരേണ്ടതുണ്ട് എന്ന് കെവിൻ പറഞ്ഞു. അതിനാൽ എല്ലാവരും നിങ്ങളുടെ വീട്ടിലുള്ളവരോടും സുഹൃത്തുകളോടും ലിറ്റ്സിക്കു വേണ്ടി സംസാരിക്കണമെന്നും കെവിൻ പറഞ്ഞു.
ഒരു മലയാളി നമ്മുടെ സംസ്ഥാനത്തെ ജന പ്രതിനിധിയായി വന്നാൽ മറ്റാരേക്കാളും മികച്ച കാര്യക്ഷമതയും പ്രവർത്തന നൈപുണ്യവും ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ് എന്ന് എൻആർഐ റിപ്പോർട്ടർ സിഇഒയും ഷിക്കാഗോയിലെ വ്യവസായിയുമായ ബിജു കിഴക്കേക്കൂറ്റ് പറഞ്ഞു. ലിറ്റ്സിയെ പോലുള്ളവരെ പിന്തുണയ്ക്കുക എന്നതാണ് നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യം. അതിന് മികച്ച രീതിയിൽ ഫണ്ട് സംഭാവന നൽകുക എന്നതാണ് പ്രധാന കാര്യങ്ങളിലൊന്ന് എന്ന് ബിജു പറഞ്ഞു.
മുൻ ഫൊക്കാന എക്സിക്കുട്ടീവ് വൈസ് പ്രസിഡൻ്റ് ജെയ്ബു കുളങ്ങര, മുൻ ഫോമാ വൈസ് പ്രസിഡൻ്റ് സണ്ണി വള്ളിക്കളം,എൻആർഐ റിപ്പോർട്ടർ സിഇഒ ബിജു കിഴക്കേക്കൂറ്റ് സ്ക്കറിയാകുട്ടി തോമസ്, റ്റോമി മെതിപ്പാറ, പിറ്റർ കുളങ്ങര, ജോൺ പട്ടപതി തുടങ്ങിയ സാമൂഹിക, രാക്ഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ഫണ്ട് റെയ്‌സിംഗ് പരിപാടി
ലിറ്റ്സിയുടെ ഭർത്താവ് റെക്സ്, സഹോദരി ലിൻസി, സഹോദരി ഭർത്താവ് ചാക്കോച്ചൻ കടവിൽ എന്നിവരും ലിറ്റ്സിക്ക് ഒപ്പം എത്തിയിരുന്നു.

Fundraising campaign for Litsi Kurisungal At Mortan grove