
ഡെന്‍വര്‍: കൊളറാഡോയിലെ പഴയ ഫ്യൂണറല്‍ ഹോമില്‍ നിന്നും കണ്ടെത്തിയത് 190 ഓളം മൃതദേഹങ്ങള്‍. എല്ലാം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. സംഭവത്തില്‍ റിട്ടേണ്‍ ടു നേച്ചര്‍ ഫ്യൂണറല്‍ ഹോമിന്റെ ഉടമയായ ജോണ്‍ ഹാള്‍ഫോര്‍ഡിന് 20 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ച് യുഎസ് കോടതി.
മൃതദേഹം സംസ്‌കരിച്ചെന്ന് കാട്ടി വ്യാജ ചിതാഭസ്മമാണ് ഇയാള്‍ ബന്ധുക്കള്‍ക്ക് നല്‍കിയത്. ഉപഭോക്താക്കളെ വഞ്ചിക്കുകയും കോവിഡ്-19 സഹായമായി ലഭിച്ച ഏകദേശം 900,000 ഡോളര്‍ വകമാറ്റി സര്‍ക്കാരിനെ വഞ്ചിക്കുകയും ചെയ്തുവെന്ന കേസിലാണ് ഇയാള്‍ക്കെതിരായ കുറ്റങ്ങള്‍ തെളിഞ്ഞത്. 2019 നും 2023 നും ഇടയിലാണ് ഇയാളും ഭാര്യയും ചേര്‍ന്ന് മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ അലക്ഷ്യമായി സൂക്ഷിച്ചത്. ഹാള്‍ഫോര്‍ഡും ഭാര്യ കാരി ഹാള്‍ഫോര്‍ഡും കുറ്റക്കാരാണ്.
കഴിഞ്ഞ വര്‍ഷം ഫെഡറല്‍ കോടതിയില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. വെള്ളിയാഴ്ചത്തെ വാദം കേള്‍ക്കലില്‍, ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ 15 വര്‍ഷം തടവ് ശിക്ഷയും ഹാള്‍ഫോര്‍ഡിന്റെ അഭിഭാഷകന്‍ 10 വര്‍ഷം തടവുമാണ് ആവശ്യപ്പെട്ടത്. കേസ് ഒരു സാധാരണ വഞ്ചനാ കുറ്റം മാത്രമല്ലെന്നും ഇതുമൂലം വിവിധ കുടുംബങ്ങള്‍ക്ക് വൈകാരിക നഷ്ടവുമാണ് ഉണ്ടായതെന്നും ഇതാണ് കൂടുതല്‍ കാലം തടവ് ശിക്ഷയ്ക്ക് വിധിക്കാന്‍ കാരണമായതെന്നും ജഡ്ജി നീന വാങ് പറഞ്ഞു.
2023 ലാണ് പുഴു അരിച്ച നിലയില്‍ ശവസംസാര കെട്ടിടത്തിനുള്ളില്‍ നിന്നും 191 മൃതദേഹങ്ങള്‍ അടുക്കി വച്ചിരിക്കുന്നതായി അന്വേഷകര്‍ കണ്ടെത്തിയത്. തങ്ങളുടെ പ്രിയപ്പെട്ടവരെ ദഹിപ്പിച്ചിട്ടില്ലെന്നും അവര്‍ക്ക് ലഭിച്ച ചിതാഭസ്മം വ്യാജമാണെന്നും തിരിച്ചറിഞ്ഞതോടെ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ വൈകാരികമായാണ് പ്രതികരിച്ചത്.