
വാഷിംഗ്ടൺ: 2026-ലെ ഗ്രൂപ്പ് ഓഫ് 20 (ജി20) ഉച്ചകോടിക്ക് തൻ്റെ ഉടമസ്ഥതയിലുള്ള ട്രംപ് നാഷണൽ ഡോറൽ മിയാമി ഗോൾഫ് ക്ലബ് ആതിഥേയത്വം വഹിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. “ഡോറൽ ആണ് ഏറ്റവും മികച്ച സ്ഥലം,” ഓവൽ ഓഫീസിലെ ഒരു പരിപാടിയിൽ വെച്ച് അന്താരാഷ്ട്ര ഉച്ചകോടിക്കായി സ്വന്തം സ്ഥലം തിരഞ്ഞെടുത്തതിനെക്കുറിച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ആഫ്രിക്കൻ യൂണിയനും അടങ്ങുന്ന ജി20 ഉച്ചകോടി അംഗരാജ്യങ്ങൾക്കിടയിൽ ഊഴമിട്ടാണ് നടത്തുന്നത്.
2026-ലെ ഉച്ചകോടിയുടെ ഔദ്യോഗിക തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ തീരുമാനം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഉച്ചകോടിയിലൂടെ ഹോട്ടൽ, റെസ്റ്റോറന്റ് വരുമാനത്തിലൂടെ ക്ലബ്ബിന് ദശലക്ഷക്കണക്കിന് ഡോളർ നേടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, നൽകുന്ന സേവനങ്ങൾക്ക് “ചെലവ് മാത്രം” ഈടാക്കുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ട്രംപിന്റെ ബിസിനസ്സ് ആസ്തികൾ ഒരു മൂന്നാം കക്ഷി നിയന്ത്രിക്കുന്നതിനാൽ താൽപ്പര്യ വൈരുദ്ധ്യം ഉണ്ടാകുന്നില്ലെന്നാണ് വൈറ്റ് ഹൗസിൻ്റെ വിശദീകരണം. എന്നിരുന്നാലും, മിയാമിയിലെ മാർ-എ-ലാഗോ, ന്യൂജേഴ്‌സി, വാഷിംഗ്ടൺ, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ ഗോൾഫ് റിസോർട്ടുകൾ ഉൾപ്പെടെ, തൻ്റെ സ്ഥാപനങ്ങളിൽ വിദേശ നേതാക്കളെയും കോർപ്പറേറ്റ് എക്സിക്യൂട്ടീവുമാരെയും സ്വീകരിച്ചതിന് മുൻപും ട്രംപ് വിമർശനം നേരിട്ടിരുന്നു. ലോകത്തിലെ പ്രധാന നേതാക്കൾ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തിൽ യോഗം ചേരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിതുറക്കാൻ സാധ്യതയുണ്ടെന്നും നിരീക്ഷകർ വിലയിരുത്തുന്നു.