
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ ജി 7 രാജ്യങ്ങള്‍ ശനിയാഴ്ച ആവശ്യപ്പെട്ടു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെയും അമേരിക്ക അടക്കമുള്ള ജി 7 കൂട്ടായ്മ അപലപിച്ചു.
‘ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്നീ രാജ്യങ്ങളുടെ ജി 7 വിദേശകാര്യ മന്ത്രിമാരും യൂറോപ്യന്‍ യൂണിയന്റെ ഉന്നത പ്രതിനിധിയുമായ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു, ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ ജി 7 പ്രസ്താവനയില്‍ പറഞ്ഞു.
‘കൂടുതല്‍ സൈനിക സംഘര്‍ഷം പ്രാദേശിക സ്ഥിരതയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുവെന്നും ഇരുവശത്തുമുള്ള സാധാരണക്കാരുടെ സുരക്ഷയില്‍ ഞങ്ങള്‍ വളരെയധികം ആശങ്കാകുലരാണെന്നും’രാജ്യങ്ങളുടെ പ്രതിനിധികള്‍ വ്യക്തമാക്കി. ഉടനടി സംഘര്‍ഷം ലഘൂകരിക്കാന്‍ തങ്ങള്‍ ആവശ്യപ്പെടുകയും സമാധാനത്തിനായി ഇരു രാജ്യങ്ങളും നേരിട്ടുള്ള സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും ജി7 കൂട്ടായ്മ അഭ്യര്‍ത്ഥിച്ചു. സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയും വേഗത്തിലുള്ളതും നിലനില്‍ക്കുന്നതുമായ നയതന്ത്ര പരിഹാരത്തിന് പിന്തുണ നല്‍കുന്നുവെന്നും അവര്‍ അത് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജൂണ്‍ 15 മുതല്‍ 17 വരെ കാനഡയിലെ ആല്‍ബെര്‍ട്ടയിലെ കനനാസ്‌കിസിലാണ് ഇക്കുറി ജി7 നേതാക്കളുടെ ഉച്ചകോടി നടക്കുക.