
കീവ്: ഗാസയിൽ വെടിനിർത്തൽ ഉറപ്പാക്കിയതിന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് യുക്രൈൻ പ്രസിഡന്‍റ് വോളോദിമിർ സെലൻസ്കി. ട്രംപുമായി നടത്തിയ ഫോൺ സംഭാഷണം വളരെ പോസിറ്റീവും ഉൽപ്പാദനക്ഷമവുമാ”യിരുന്നുവെന്നും സെലൻസ്കി അറിയിച്ചു. ഒരു പ്രദേശത്തെ യുദ്ധം നിർത്താൻ കഴിയുമെങ്കിൽ, തീർച്ചയായും മറ്റ് യുദ്ധങ്ങളും – റഷ്യൻ യുദ്ധം ഉൾപ്പെടെ – അവസാനിപ്പിക്കാൻ കഴിയുമെന്ന് ട്രംപിന്‍റെ ഈ അതിഗംഭീരമായ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് സെലൻസ്കി പറഞ്ഞു.
യുക്രെയ്നിന്റെ ഊർജ്ജ സംവിധാനങ്ങൾക്ക് നേരെയുള്ള റഷ്യൻ ആക്രമണങ്ങളെക്കുറിച്ചും, രാജ്യത്തിന്‍റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തുവെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ സെലൻസ്കി വ്യക്തമാക്കി. ഇതിനായി ഞങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കൃത്യമായ കരാറുകളും ചർച്ച ചെയ്തു അദ്ദേഹം കൂട്ടിച്ചേർത്തു. യഥാർത്ഥ നയതന്ത്രത്തിൽ ഏർപ്പെടാൻ റഷ്യൻ ഭാഗത്തുനിന്ന് സന്നദ്ധത ഉണ്ടാകേണ്ടതുണ്ട്. ഇത് ശക്തിയിലൂടെ നേടാനാകും. നന്ദി, മിസ്റ്റർ പ്രസിഡന്‍റ് എന്നും സെലൻസ്കി കുറിച്ചു.















