ഷാം എൽ ഷെയ്ഖിൽ ട്രംപ് നിർദ്ദേശിച്ച അതിനിർണായകമായ ചർച്ചകൾ തുടങ്ങി; യുഎസ് അടക്കമുള്ള രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്നു, ലക്ഷ്യം ഗാസയിൽ സമാധാനം

കെയ്റോ: ഗാസയിലെ വെടിനിർത്തൽ കരാറിന്‍റെ വിശദാംശങ്ങൾ അന്തിമമാക്കുന്നതിനായി ഹമാസും ഇസ്രായേലും തമ്മിലുള്ള നിർണായക ചർച്ചകൾ ഈജിപ്തിലെ ഷാം എൽ ഷെയ്ഖിൽ ആരംഭിച്ചു. യുഎസ്, ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള മധ്യസ്ഥർ പങ്കെടുക്കുന്ന ഈ ചർച്ചകൾ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും എന്ന് ചർച്ചകളെക്കുറിച്ച് അറിവുള്ള ഒരു ഉദ്യോഗസ്ഥൻ സിഎൻഎന്നിനോട് പറഞ്ഞു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫും മരുമകൻ ജാരദ് കുഷ്‌നറും ചർച്ചകൾക്കായി ഈജിപ്തിലേക്ക് യാത്ര തിരിക്കും.

വിറ്റ്‌കോഫും കുഷ്‌നറും ഇന്ന് തന്നെ ഷാം എൽ ഷെയ്ഖിൽ എത്തുമോ അതോ ആഴ്ചാവസാനത്തോടെ എത്തുമോ എന്നതിൽ വ്യക്തതയില്ല. ഹമാസിന്‍റെയും ഇസ്രായേലിന്‍റെയും പ്രതിനിധികൾ നിലവിൽ ഈജിപ്തിൽ എത്തിച്ചേർന്നിട്ടുണ്ട്. ട്രംപ് ഭരണകൂടം കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച പുതിയ വെടിനിർത്തൽ പദ്ധതിയുടെ വിശദാംശങ്ങൾ കൃത്യപ്പെടുത്താനാണ് മധ്യസ്ഥർ ശ്രമിക്കുന്നത്.

ഈ പദ്ധതി മുൻ ചർച്ചകളിൽ നിന്ന് വ്യത്യസ്തമാണ്. നേരത്തെയുള്ള ചർച്ചകൾ ഗാസയിൽ മൂന്ന് ഘട്ടങ്ങളായുള്ള വെടിനിർത്തലിനാണ് ആഹ്വാനം ചെയ്തിരുന്നത്. ആ പദ്ധതികൾ പ്രകാരം, ഇസ്രായേൽ ഘട്ടംഘട്ടമായി സൈന്യത്തെ പിൻവലിക്കുമ്പോൾ, ഹമാസ് ആഴ്ചകൾക്കുള്ളിൽ ബന്ദികളെ മോചിപ്പിക്കേണ്ടിയിരുന്നു. പഴയ ചർച്ചകൾ വിവിധ ഘട്ടങ്ങളെ ചൊല്ലി തകർന്നുപോയതിനെത്തുടർന്ന്, ‘ഇത്തവണ ആ സമീപനം ഒഴിവാക്കാൻ മധ്യസ്ഥർ ബോധപൂർവമായ ശ്രമം നടത്തുന്നുണ്ട്’ എന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide