
ടെൽ അവീവ്: ഇസ്രായേൽ സൈന്യത്തിന്‍റെ ഗാസ സിറ്റിയിലെ ആക്രമണമാണ് ട്രംപ് ഭരണകൂടത്തിന്‍റെ വെടിനിർത്തൽ പദ്ധതിക്ക് അടിസ്ഥാനമിട്ടതെന്ന് ഇസ്രായേലി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. സംസ്ഥാന സ്മാരക ചടങ്ങിൽ സംസാരിക്കുകയായിരുന്നു കാറ്റ്സ്. ഇസ്രായേൽ ഗാസ സിറ്റിയിൽ ചെലുത്തുന്ന സമ്മർദ്ദത്തിന്‍റെ തീവ്രതയാണ് ഹമാസിന്‍റെ നിലപാടിൽ മാറ്റം വരുത്താൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
ഗാസ സിറ്റിയിലെ സൈനിക നടപടി ഹമാസിനുമേൽ വലിയ സമ്മർദ്ദം ചെലുത്തി എന്നും പ്രസിഡന്‍റ് ട്രംപിന്‍റെ നിർണ്ണായകമായ ഈ സംരംഭത്തിന് അടിത്തറയിട്ടത് ഈ സൈനിക നടപടിയാണെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു.
ആദ്യ ഘട്ടം ഉടൻ നടപ്പിലാക്കുമെന്നും ബന്ദികളാക്കപ്പെട്ട എല്ലാവരെയും അടിയന്തിരമായി മോചിപ്പിക്കുമെന്നും ഞങ്ങൾ ഇപ്പോൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഐഡിഎഫ് (ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്) ഗാസ സിറ്റിയുടെ ഹൃദയഭാഗത്തുണ്ട്. എല്ലാ സാധ്യതകളെയും നേരിടാൻ തയ്യാറാണ്. ഗാസയിൽ അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് വിസമ്മതിച്ചാൽ, ഇസ്രായേലി സൈന്യം ഹമാസിനെ പരാജയപ്പെടുത്തുന്നത് വരെ ആക്രമണത്തിന്‍റെ തീവ്രത വീണ്ടും വർദ്ധിപ്പിക്കുമെന്നും ഇസ്രായേലി മന്ത്രി ഹമാസിന് മുന്നറിയിപ്പ് നൽകി.