
ജെറുസലം : ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം 500 ദിവസം പിന്നിടുന്നു. നിലവിൽ താൽകാലിക വെടിനിർത്തൽ ഉണ്ടെങ്കിലും യുദ്ധം അവസാനിക്കില്ല എന്ന് വ്യക്തമാക്കുന്ന പ്രസ്താവനകളാണ് ഇസ്രയേലിൻ്റേയും അമേരിക്കയുടേയും പക്ഷത്തുനിന്ന് വരുന്നത്. അതിനിടെ പലസ്തീനിൽ അവശേഷിക്കുന്ന ബന്ദികളെ കൂടി ഉടൻ വിട്ടയക്കണം എന്ന ആവശ്യവുമായി ടെൽ അവീവിലും ജറുസലേമിലും ജനങ്ങൾ പ്രകടനം നടത്തി. 70-ലധികം ബന്ദികൾ ഗാസയിൽ തന്നെ തുടരുന്നു, പകുതിയോളം പേർ മരിച്ചതായി കരുതപ്പെടുന്നു.
അതിനിടെ, തെക്കൻ ലബനനിൽ ഇന്നലെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ലബനനിലെ ഹമാസിന്റെ തലവൻ മുഹമ്മദ് ഷഹീൻ കൊല്ലപ്പെട്ടതായി ഇസ്രയേൽ അവകാശപ്പെട്ടു. സ്ഫോടനത്തിൽ കത്തുന്ന ഒരു കാറിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ഇറാന്റെ ഒത്താശയോടെ ഇസ്രയേൽ പൗരന്മാർക്കെതിരെ ആക്രമണം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി ഇസ്രയേൽ ആരോപിച്ചു
ഇസ്രയേൽ–ഹിസ്ബുല്ല വെടിനിർത്തൽ കരാറിന്റെ ഭാഗമായി തെക്കൻ ലബനനിൽനിന്ന് ഇസ്രയേൽ പിന്മാറുന്നതിനുള്ള അവസാന ദിവസം ഇന്നാണ്. വെടിനിർത്തൽ കരാർ ഉണ്ടെങ്കിലും തെക്ക്, പടിഞ്ഞാറ് ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം അവസാനിപ്പിച്ചിരുന്നില്ല.
സിദനിലെ മുനിസിപ്പൽ സ്പോർട്സ് സ്റ്റേഡിയത്തിനു സമീപമുള്ള സൈനിക ചെക്ക് പോസ്റ്റിനടുത്തുവച്ചാണ് ഷഹീനു നേരെ ആക്രമണമുണ്ടായത്.
Gaza war marks 500th day Israel kills Hamas leader Mohammed Shaheen in Lebanon















