വീണ്ടും ഭാരതാംബ വിവാദം; രാജ്ഭവനിൽ നിന്ന് ഇറങ്ങിപ്പോയി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ വീണ്ടും വിവാദം. രാജ്ഭവനിൽ സംഘടിപ്പിച്ച സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയി. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നെങ്കിലും മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെയാണ് പരിപാടിയിൽ നിന്ന് മന്ത്രി ഇറങ്ങിപ്പോയത്.

ഗവർണർ ഇരിക്കെത്തന്നെ ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുമ്പോൾ ഭാരതാംബയുടെ ചിത്രം വെച്ചതിൽ മന്ത്രി അതൃപ്തി പരസ്യമാക്കുകയും താൻ രാജ്ഭവനിലേക്കെത്തിയപ്പോൾ ആ സമയം ഭാരതാംബയുടെ ഫോട്ടോയിൽ പൂവിട്ട് പൂജിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു എന്നും ശിവൻകുട്ടി പ്രതികരിച്ചു. ദേശീയഗാനവും വിളക്ക് കൊളുത്തലും പ്രാർത്ഥനയും മാത്രമാണ് പ്രോഗ്രാം നോട്ടീസിൽ പറഞ്ഞിട്ടുള്ളത്. ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തി കൊണ്ട് രാജ്ഭവനും കേരള സർക്കാരും സംയുക്തമായി നടത്തുന്ന പരിപാടിയാണ് ഇതെന്നും രാഷ്ട്രീയ ചിഹ്നമോ സൂചനയോ വെച്ചുകൊണ്ടുള്ള പരിപാടി സംഘടിപ്പിക്കാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഗാന്ധി ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തുന്നതിൽ തെറ്റില്ല. എന്നാൽ രാജ്യ സങ്കൽപ്പത്തിന് ചേർന്ന ചിത്രം അല്ല ഉണ്ടായിരുന്നത്. കുട്ടികളെയും കൂട്ടി തനിക്ക് അവിടെനിന്ന് ഇറങ്ങാമായിരുന്നു. എന്നാൽ താൻ അത് ചെയ്തില്ല. ഗവർണർ കാണിക്കുന്നത് അഹങ്കാരവും ധിക്കാരവുമാണെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ ശക്തമായ നിലപാട് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയതാണ്. ഈ വിഷയത്തിൽ സർക്കാരിന് ശക്തമായ പ്രതിഷേധമുണ്ട്. നരേന്ദ്രമോദിയുടെ ചിത്രം വെച്ചാൽ പോലും അന്തസ്സുണ്ട്. രാജഭവൻ തനി രാഷ്ട്രീയ കേന്ദ്രമാകുകയാണ്. കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം താൻ പരിപാടി ബഹിഷ്കരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

More Stories from this section

family-dental
witywide