
ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന് അല്‍പ്പം വിശ്രമം ആവശ്യമാണെന്ന് അദ്ദേഹത്തിന്റെ പിതാവ് എറോള്‍ മസ്‌ക്. എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ബിസിനസുകാരനായ എറോള്‍ മസ്‌ക് ഇങ്ങനെ പറഞ്ഞത്. ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സിന്റെയും (മുമ്പ് ട്വിറ്റര്‍), സ്പേസ് എക്സിന്റെയും മേധാവിയായ തന്റെ മകന്‍ ഊര്‍ജ്ജസ്വലനായ വ്യക്തിയാണെന്നും ഇറോള്‍ മസ്‌ക് പറഞ്ഞു.
‘അദ്ദേഹത്തിന് 53 വയസ്സായി. 53 വയസ്സുള്ള ആളുകള്‍ പറയുന്നു, ‘ഓ, ഞങ്ങള്‍ക്ക് വളരെ പ്രായമായി’. പക്ഷേ അദ്ദേഹം 30-കളുടെ തുടക്കത്തിലുള്ള ഒരാളെപ്പോലെയാണ്. കുറച്ച് വിശ്രമം എടുക്കൂ,’ എന്ന ഉപദേശമാണ് മകന് നല്‍കാനുള്ളത്’ എന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഇന്ത്യാ സന്ദര്‍ശനത്തിലുളള പിതാവിന് മകനോട് പറയാനുണ്ടായിരുന്നത് ഇന്ത്യയിലേക്ക് തീര്‍ച്ചയായും വരണം എന്നതായിരുന്നു. ‘അദ്ദേഹം ഇന്ത്യയില്‍ വന്നിട്ടില്ലെന്നതില്‍ എനിക്ക് വളരെ അത്ഭുതമുണ്ട്. അദ്ദേഹം വന്നില്ലെങ്കില്‍, അദ്ദേഹം ഒരു വലിയ തെറ്റ് ചെയ്യുകയാണ്…’ എറോള്‍ പറഞ്ഞു. ഏപ്രിലില്‍ മസ്‌ക് ഇന്ത്യയിലെത്താനിരുന്നതാണെങ്കിലും ടെസ്ലയിലെ ചില അടിയന്തര പ്രശ്നങ്ങള്‍ കാരണം അത് മാറ്റിവച്ചു.









