
നാഗ്പൂർ: നൂറ്റാണ്ടുകൾ പഴക്കമുള്ള മർബത് ഉത്സവത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കൂറ്റൻ കോലം നാഗ്പൂരിലെ തെരുവീഥികളിൽ പ്രദർശിപ്പിച്ച് പ്രതിഷേധം. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക കനത്ത താരിഫ് ചുമത്തിയതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ തങ്ങളുടെ രോഷം രേഖപ്പെടുത്തിയത്.
മണ്ണും വൈക്കോലും ഉപയോഗിച്ച് നിർമ്മിച്ച ട്രംപിന്റെ വലിയ കോലം പരമ്പരാഗത ഘോഷയാത്രയുടെ പ്രധാന ആകർഷണമായി. “താരിഫ് ചുമത്തി ഞങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവർ ഇന്ത്യയുടെ ശക്തി കണ്ട് ഖേദിക്കേണ്ടി വരും,” “ഞങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തുന്ന താരിഫ് അവരുടെ ബിസിനസിനെ നശിപ്പിക്കും,” “അമേരിക്കൻ അങ്കിൾ ഇന്ത്യക്ക് വിലക്ക് ഏർപ്പെടുത്തുന്നു, എന്നിട്ടും റഷ്യൻ ഉൽപ്പന്നങ്ങൾ സ്വയം എടുക്കുന്നു” തുടങ്ങിയ രൂക്ഷമായ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളും ഘോഷയാത്രയിൽ ഉയർത്തിപ്പിടിച്ചിരുന്നു.
വാർത്താ ഏജൻസിയായ എ.എൻ.ഐ. പുറത്തുവിട്ട നാഗ്പൂർ മർബത് ഉത്സവത്തിന്റെ വീഡിയോയിൽ, ട്രംപിന്റെ കൂറ്റൻ കോലത്തോടൊപ്പം നൂറുകണക്കിന് ആളുകൾ ഘോഷയാത്രയിൽ പങ്കെടുക്കുന്നതായി കാണാം. പ്രാദേശികമായ ആചാരങ്ങൾക്കൊപ്പം, സമകാലിക വിഷയങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണവും ഈ ഉത്സവം പ്രതിഫലിപ്പിക്കുന്നു.