
ദില്ലി: മൂന്ന് പതിറ്റാണ്ടിലേറെ അമേരിക്കയിൽ താമസിച്ചിരുന്ന 73 വയസ്സുകാരി സിഖ് മുത്തശ്ശി ഹർജിത് കൗറിനെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) തടങ്കലിൽ വെച്ച് ഭക്ഷണവും മരുന്നും നിഷേധിച്ചതായി ഗുരുതര ആരോപണം. അഭിഭാഷകനായ ദീപക് അലുവാലിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഹർജിത് കൗറിന്റെ ദുരവസ്ഥ പുറംലോകത്തെ അറിയിച്ചത്.
തടങ്കലിൽ വെച്ച് ICE ഉദ്യോഗസ്ഥർ ഹർജിത് കൗറിനോട് അനുചിതമായ രീതിയിൽ പെരുമാറിയതായി അലുവാലിയ ആരോപിച്ചു. മുട്ടിന് രണ്ട് തവണ ശസ്ത്രക്രിയ നടത്തിയിട്ടും കൗറിന് കിടക്ക നൽകാതെ, 60-70 മണിക്കൂർ വരെ കോൺക്രീറ്റ് ബെഞ്ചും പുതപ്പും മാത്രം നൽകി തറയിൽ കിടക്കാൻ നിർബന്ധിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. “മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞതിനാൽ അവർക്ക് തറയിൽ കിടന്ന് എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല,” അലുവാലിയ പറഞ്ഞു.
മരുന്ന് കഴിക്കാൻ വേണ്ടി ഹർജിത് കൗർ ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ടെങ്കിലും ഈ അഭ്യർത്ഥനകൾ അവഗണിക്കപ്പെട്ടതായി ആരോപണമുണ്ട്. “അവർക്ക് നൽകിയത് ഒരു ചീസ് സാൻഡ്‌വിച്ച് മാത്രമാണ്. വീണ്ടും മരുന്നിന് വെള്ളം ആവശ്യപ്പെട്ടപ്പോൾ ഐസ് കട്ടകൾ നൽകി. പല്ലില്ലാത്തതിനാൽ അത് കഴിക്കാൻ കഴിയില്ലെന്ന് വിശദീകരിച്ചപ്പോൾ, ഒരു ഗാർഡ് ‘അത് നിങ്ങളുടെ തെറ്റാണ്’ എന്ന് ആക്ഷേപിച്ചു,” അലുവാലിയ കുറ്റപ്പെടുത്തി.














