ആവേശം അലകടലായ കലാശക്കൊട്ടില്‍ കപ്പടിച്ച് ഗ്ലാഡിയേറ്റേഴ്‌സ് കാനഡ, കാലിടറി കെബിസി കാനഡ

ഷിക്കാഗോ: ഒടുവില്‍ ആ വലിയ ചോദ്യത്തിന് ഉത്തരമായി… ഷിക്കാഗോ സോഷ്യല്‍ ക്ലബ് നടത്തിയ പതിനൊന്നാമത് അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ കരുത്തന്‍മാരായി ഗ്ലാഡിയേറ്റേഴ്‌സ് കാനഡ. കമ്പക്കയര്‍ തന്നിലേക്ക് അടുപ്പിച്ച് കരുത്ത് തെളിയിച്ച് കപ്പടിച്ചു. ശക്തരില്‍ ശക്തര്‍ ആരെന്ന ആ വലിയ ചോദ്യത്തിനുത്തരം സ്വന്തം ടീമിലേക്ക് എഴുതിച്ചേര്‍ത്താണ് ഗ്ലാഡിയേറ്റേഴ്‌സിന്റെ മടക്കം. അതേ…വിയര്‍പ്പുതുന്നിയിട്ട ആ കുപ്പായത്തില്‍ നിന്നും ഉയര്‍ന്നു വന്ന വീരന്മാരായിരുന്നു ഗ്ലാഡിയേറ്റേഴ്‌സ് കാനഡ. എന്തൊരു ആവേശമായിരുന്നു… എന്തൊരു ഊര്‍ജ്ജമായിരുന്നു… കണ്ണിമ ചിമ്മാതെ, ശ്വാസം അടക്കിപ്പിടിച്ചാണ് അത്യാവേശകരമായ ഫൈനലിന് കാണികള്‍ സാക്ഷ്യം വഹിച്ചത്.

ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുതിച്ചേര്‍ത്ത ചരിത്രമാണ് ഇന്ന് ഇവിടെ ഗ്ലാഡിയേറ്റേഴ്‌സും എതിരാളികളായ കെബിസി കാനഡയും രചിച്ചത്.

ഇരുട്ടുവീണ് തുടങ്ങിയ മോര്‍ട്ടന്‍ ഗ്രോവ് പാര്‍ക്ക് സ്റ്റേഡിയത്തിലെ പോര്‍ക്കളത്തില്‍ നെഞ്ചിടിപ്പിന്റെ നിമിഷങ്ങളായിരുന്നു കടന്നുപോയത്. ഒപ്പത്തിനൊപ്പമായിരുന്നു ഇരു ടീമുകള്‍ക്കും കരുത്ത്. കായിക പ്രേമികളുടെ കയ്യടികളില്‍ നിന്നും ആവേശം കൈക്കരുത്താക്കി പോരാടിയാണ് ഗ്ലാഡിയേറ്റേഴ്‌സ് കാനഡ ആ വലിയ സമ്മാനം സ്വന്തമാക്കിയത്.

കപ്പടിച്ച ഗ്ലാഡിയേറ്റേഴ്‌സ് കാനഡയുടെ ചുണക്കുട്ടികള്‍ക്ക് 11,111 ഡോളറും മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. ഷിക്കാഗോയിലെ വ്യവസായ പ്രമുഖനായ ജോയി നെടിയകാലായിലാണ് സ്‌പോണ്‍സര്‍. രണ്ടാംസ്ഥാനം നേടിയ കെബിസി കാനഡ ടീമിന് 5555 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. ഷിക്കാഗോയിലെ വ്യവസായ പ്രമുഖനായ ഫിലിപ്പ് മുണ്ടപ്ലാക്കലാണ് സ്‌പോണ്‍സര്‍.

മത്സരങ്ങള്‍ ഏറ്റവും ഹൃദ്യമായി നടത്തുന്നതില്‍ ഷിക്കാഗോ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് റൊണാള്‍ഡ് പൂക്കുമ്പേലിന്റെ നേതൃത്വത്തിലുള്ള സംഘാടകര്‍ മാസങ്ങളായി കഠിന പ്രയത്‌നത്തിലായിരുന്നു. ജോസ് ഇടിയാലിയുടെ നേതൃത്വത്തില്‍ നിണല്‍ മുണ്ടപ്ലാക്കല്‍, സിബി കദളിമറ്റം, ജെസ്‌മോന്‍ പുറമടം എന്നിവരടങ്ങുന്ന റഫറി ടീമാണ് ആവേശം ഒട്ടും ചോരാതെ മത്സരങ്ങള്‍ നിയന്ത്രിച്ചത്. റൊണാള്‍ഡ് പൂക്കുമ്പേലിന്റെ നേതൃത്വത്തില്‍ ബെഞ്ചമിന്‍, സജി പൂതൃക്കയില്‍ എന്നിവരാണ് വാക്കുകള്‍ക്കൊണ്ട് മത്സരാവേശം വാനോളമുയര്‍ത്തിയ കമന്ററി സമ്മാനിച്ചത്.

More Stories from this section

family-dental
witywide