
ഡൽഹി: ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതികൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. നവംബർ 6-നും 11-നും രണ്ട് ഘട്ടങ്ങളായി വോട്ടെടുപ്പ് നടത്തും. വോട്ടെണ്ണൽ നവംബർ 14-നാണ്. വോട്ടർ പട്ടികയെക്കുറിച്ചുള്ള പരാതികൾ ഉണ്ടെങ്കിൽ ഇനിയും കമ്മിഷനെ സമീപിക്കാം എന്ന് കമ്മിഷൻ അറിയിച്ചു. ബിഹാറിൽ ആകെ 7.43 കോടി വോട്ടർമാരുണ്ട്. ഇതിൽ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും ഉൾപ്പെടുന്നു. 90,712 പോളിങ് സ്റ്റേഷനുകൾ തയ്യാറാക്കിയിട്ടുണ്ട്. എല്ലായിടത്തും വെബ്കാസ്റ്റിങ് സൗകര്യവും ഉറപ്പാക്കും. കർശന സുരക്ഷയോടെ തെരഞ്ഞെടുപ്പ് നടക്കും. കൂടുതൽ കേന്ദ്രസൈന്യത്തെ വിന്യസിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.
തെഞ്ഞെടുപ്പ് കമ്മിഷൻ ഒരു ഭരണഘടനാപരമായ സ്ഥാപനമാണെന്നും, വോട്ടർ പട്ടിക തയ്യാറാക്കലും തെരഞ്ഞെടുപ്പ് നടത്തലും അതിന്റെ പ്രധാന ഉത്തരവാദിത്തമാണെന്നും കമ്മിഷൻ പറഞ്ഞു. എസ്ഐആറിന്റെ സഹായത്തോടെ വോട്ടർ പട്ടിക പുതുക്കിയിരിക്കുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അന്തിമ പട്ടിക ലഭ്യമാക്കി. പാർട്ടികളുടെ പ്രതിനിധികളെ നേരിട്ട് കണ്ടുമുട്ടി, ഉദ്യോഗസ്ഥരുമായി ചർച്ചകളും നടത്തി. ബിഹാർ തെരഞ്ഞെടുപ്പ് ഇത്തവണ കൂടുതൽ സുഗമമാക്കും. പരാതികളില്ലാതെ നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു.
വോട്ടർ പട്ടിക പരിഷ്കരണത്തിന് ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നെങ്കിലും, പിന്നീട് നടക്കുന്ന ഈ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിന്റെ അടുത്ത ഘട്ടത്തെ നിർണയിക്കുന്നതായിരിക്കും. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ തീയതികൾ പ്രഖ്യാപിച്ചത്. മുൻപ് മൂന്ന് ഘട്ടങ്ങളായിരുന്നു തിരഞ്ഞെടുപ്പ്, എന്നാൽ ഇത്തവണ ഒറ്റ ഘട്ടമാക്കണമെന്ന് എൻഡിഎ ആവശ്യപ്പെട്ടു. രണ്ട് ഘട്ടങ്ങൾ മതിയെന്ന് പ്രതിപക്ഷവും പറഞ്ഞിരുന്നു. ദീപാവലിക്ക് ശേഷം ഛത്ത് പൂജയും കഴിഞ്ഞ് തെരഞ്ഞെടുപ്പ് ആരംഭിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു.












