
എഐ രംഗത്തെ കമ്പനികള്‍, എഐയുടെ വികസനത്തിനായി വന്‍തോതില്‍ നിക്ഷേപം നടത്തുന്ന ടെക് ഭീമന്മാര്‍ എന്നിവയുടെ ഓഹരികളില്‍ വന്‍ വില്‍പനസമ്മര്‍ദം ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ റെക്കോര്‍ഡ് മുന്നേറ്റം ഈ കമ്പനികളുടെ ഓഹരികളില്‍ കുതിപ്പുണ്ടാക്കിയിരുന്നെങ്കിലും പിന്നെ സംഭവിച്ച വീഴ്ചയില്‍ എഐ കമ്പനികളുടെ ഓഹരികളില്‍ വില്‍പനസമ്മര്‍ദ്ദമേറുകയാണ്. ഇതോടെ ആഗോളതലത്തില്‍ ഓഹരി വിപണികള്‍ നേരിടുന്നത് കനത്ത നഷ്ടം. യുഎസില്‍ എസ് ആന്‍ഡ് പി500 സൂചിക 1.12%, നാസ്ഡാക് 1.90%, ഡൗ ജോണ്‍സ് 0.84% എന്നിങ്ങനെ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. നിക്ഷേപകര്‍ക്ക് കോടിക്കണക്കിന് ഡോളറാണ് നഷ്ടം വന്നത്.
മൈക്രോസോഫ്റ്റ്, എന്‍വിഡിയ, പാലന്റീയര്‍, ക്വാല്‍കോം, ഓറക്കിള്‍, മെറ്റ പ്ലാറ്റ്‌ഫോംസ് എന്നിവയാണ് 7% വരെ ഇടിഞ്ഞ് നഷ്ടത്തിലേക്ക് വീണത്.
കോര്‍പ്പറേറ്റ് കമ്പനികളുടെ കൂട്ടപ്പിരിച്ചുവിടല്‍
ഓഹരികളെ നന്നായി ഉലച്ചതില്‍ യുഎസില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ നടത്തുന്ന കൂട്ടപ്പിരിച്ചുവിടലും കാരണമായിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബറില്‍ മാത്രം 1.53 ലക്ഷം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടം വന്നു. 2009ന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്. ഇത് സെപ്റ്റംബറിലേക്കാള്‍ മൂന്നിരട്ടിയാണ്. കഴിഞ്ഞ ഒക്ടോബറിനേക്കാള്‍ 175% അധികം എന്നതും ഞെട്ടിക്കുന്നു. ഇതിനെ നിക്ഷേപകര്‍ കാണുന്നത് കമ്പനികളില്‍ കടുത്ത പ്രതിസന്ധിയായാണ്.
ഇന്ത്യയില്‍ സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് നഷ്ടത്തില്‍ തുടങ്ങുമെന്ന സൂചയാണ് രാവിലെ ലഭിച്ചത്. നിഫ്റ്റി രാവിലെ വ്യാപാരം ചെയ്തത് 50 പോയിന്റുവരെ നഷ്ടത്തിലാണ്.











