
വാഷിംഗ്ടൺ: മുൻ റഷ്യൻ പ്രസിഡന്‍റ് ദിമിത്രി മെദ്‌വെദേവുമായി രൂക്ഷമായ വാക്പോരിൽ ഏർപ്പെട്ട് യുഎസ് റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സേ ഗ്രഹാം. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനോ അല്ലെങ്കിൽ കടുത്ത പുതിയ ഉപരോധങ്ങൾ നേരിടാനോ റഷ്യക്ക് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നൽകിയ പുതിയ അന്ത്യശാസനത്തിന്‍റെ പേരിലാണ് രൂക്ഷമായ തര്‍ക്കം നടന്നത്.
റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ അടുത്ത അനുയായിയായ മെദ്‌വെദേവിനോട് ക്രെംലിനെ സമാധാന ചർച്ചക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ട ഗ്രഹാം, യുക്രൈനിലെ രക്തച്ചൊരിച്ചിൽ ഉടൻ അവസാനിച്ചില്ലെങ്കിൽ റഷ്യക്കും അതിന്‍റെ ഉപഭോക്താക്കൾക്കും ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി.
യുക്രൈൻ യുദ്ധത്തിനിടെ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ, ട്രംപ് ഭരണകൂടം മോസ്കോയുടെ വ്യാപാര പങ്കാളികളായ ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ കനത്ത താരിഫ് ഏർപ്പെടുത്തുമെന്ന തന്‍റെ മുൻ മുന്നറിയിപ്പിനെക്കുറിച്ചാണ് ഗ്രഹാം ഇവിടെ പരാമർശിച്ചതെന്നാണ് കരുതുന്നത്.
റഷ്യയും യുക്രൈനും തമ്മിലുള്ള രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കുന്നതിൽ പ്രസിഡന്‍റ് ട്രംപ് പറയുന്നത് നിസാരമെന്ന് കരുതുന്നവര്‍ക്കാണ് ഗ്രാമിന്‍റെ മുന്നറിയിപ്പ്. നിങ്ങൾക്കും നിങ്ങളുടെ ഉപഭോക്താക്കൾക്കും ഉടൻ തന്നെ തെറ്റ് മനസ്സിലാകും. ജോ ബൈഡൻ ഇനി പ്രസിഡന്‍റായിരിക്കില്ലെന്നും നിങ്ങൾക്ക് ഉടൻ മനസിലാകും. സമാധാന ചർച്ചക്ക് തയ്യാറാകൂ എന്ന് റിപ്പബ്ലിക്കൻ നേതാവ് എക്സിൽ കുറിച്ചു.












