ഓസ്‌കാറിനുള്ള പ്രാഥമിക റൗണ്ടിലേയ്ക്ക് ആട് ജീവിതം; മികച്ച ചിത്രത്തിനുള്ള ജനറല്‍ കാറ്റഗറിയില്‍ ഒരു ഇന്ത്യന്‍ ചിത്രം എത്തുന്നത് അപൂര്‍വ്വം

നിരവധി അവാര്‍ഡുകളും പ്രേക്ഷക പ്രശംസയും ഏറ്റുവാങ്ങിയ ബ്ലസി ചിത്രം ആട് ജീവിതം 97-ാമത് ഓസ്‌കാര്‍ അവാര്‍ഡിനുള്ള പ്രാഥമിക റൗണ്ടിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. സാധാരണ ഫോറിന്‍ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയില്‍ നിന്നുള്ള ചിത്രങ്ങള്‍ പരിഗണിക്കാറുള്ളത്. എന്നാല്‍, അപൂര്‍വമായാണ് മികച്ച ചിത്രത്തിനുള്ള ജനറല്‍ കാറ്റഗറിയില്‍ ഒരു ഇന്ത്യന്‍ ചിത്രം പരിഗണിക്കുന്നത്.

എട്ടാം തീയതി മുതല്‍ വോട്ടിംഗ് ആരംഭിക്കും. 12-ാം തീയതി വരെയാണ് വോട്ടിംഗ്. 25 സിനിമകളാണ് പട്ടികയിലുള്ളത്. ഇനി വോട്ടെടുപ്പിലൂടെ പത്ത് സിനിമകളെ ഇതില്‍ നിന്നും തിരഞ്ഞെടുക്കും. വോട്ടിംഗ് ശതമാനം ഉള്‍പ്പെടെ കണക്കാക്കിയ ശേഷമായിരിക്കും രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനമുണ്ടാവുക.

മലയാളത്തില്‍ ഏറ്റവും കൂടുതലാളുകള്‍ വായിച്ച നോവലിന് ബ്ലെസി സിനിമയിലൂടെ ജീവന്‍ നല്‍കിയപ്പോള്‍ അത് അവിസ്മരണീയമായ ദൃശ്യാവിഷ്‌കാരമായി. ചിത്രത്തില്‍ നായകനായ നജീബിനെ അവതരിപ്പിച്ചത് പൃഥ്വിരാജായിരുന്നു. മികച്ച നടനടക്കം ഏഴ് സംസ്ഥാന അവാര്‍ഡുകളാണ് ചിത്രം നേടിയത്.

More Stories from this section

family-dental
witywide