
റെക്കോർഡ് വിട്ട് താഴേയ്ക്കിറങ്ങാൻ കഴിയാതെ സ്വർണവില. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11,815 രൂപയിലെത്തി. പവന് 400 രൂപയുടെ വര്‍ധനവോടെ 94,520 രൂപയിലെത്തി കേരളത്തില്‍ സ്വര്‍ണ വില പുതിയ റെക്കോര്‍ഡിട്ടു. ഇന്നത്തെ വിലക്കയറ്റത്തോടെ ഒരു പവന് ഒരു ലക്ഷത്തിലേക്കുള്ള ദൂരം വെറും 5,480 രൂപ മാത്രമാണ്. കുറഞ്ഞ പണിക്കൂലിയില്‍ പോലും ഒരു പവന്‍ വാങ്ങാന്‍ ഒരു ലക്ഷത്തിലധികം നല്‍കണം. അഞ്ചു ശതമാനം പണിക്കൂലിയില്‍ ഒരു പവന് 1,02,274 രൂപ നല്‍കണം. 10 ശതമാനം പണിക്കൂലിയില്‍ 1,07,091 രൂപയാണ് ഒരു പവന്‍ ആഭരണം വാങ്ങാന്‍ വേണ്ട ചെലവ്.
രാജ്യാന്തര സ്വര്‍ണ വില
രാജ്യാന്തര സ്വര്‍ണ വില 4191.50 ഡോളറിലെത്തിയതോടെ പുതിയ റെക്കോര്‍ഡിട്ടു. 4,174.10 ഡോളറിലാണ് നിലവില്‍ വ്യാപാരം. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളില്‍ സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് ഡിമാന്‍റ് ഉയര്‍ന്നതാണ് രാജ്യാന്തര വിലയെ നയിക്കുന്നത്. യു.എസ് ഫെഡറല്‍ റിസര്‍വ് ഇനിയും പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയും യു.എസ്– ചൈന വ്യാപാര ബന്ധത്തിലെ പുതിയ ആശങ്കകളുമാണ് സ്വര്‍ണവിലയെ ഉയർത്തുന്നത്.
വില ഇനിയും കുതിക്കും
ഒരുപവൻ സ്വർണം വാങ്ങാൻ സാധാരണക്കാരൻ ഇനി നന്നായി വിയർക്കേണ്ടി വരും. സ്വര്‍ണ വില ഇനിയും കുതിക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനം. 2026 ന്‍റെ അവസാനത്തോടെ സ്വര്‍ണ വില ഔണ്‍സിന് 4,900 ഡോളറിലേക്ക് കുതിക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്സ് നല്‍കുന്ന പ്രവചനം.
Gold prices hit new record in Kerala