സാൻ ഫ്രാൻസിസ്കോ: ആഗോളതലത്തിൽ എഐ രംഗത്തെ കഴിവുള്ള വിദഗ്ധർക്കായുള്ള മത്സരം കടുപ്പമാകുന്നതിനിടെ, മുൻ ജീവനക്കാരെ തന്നെ വീണ്ടും നിയമിക്കുന്ന തന്ത്രം ശക്തമാക്കി ഗൂഗിൾ. OpenAI, Meta, Anthropic തുടങ്ങിയ കമ്പനികളുമായുള്ള ശക്തമായ മത്സരത്തിനിടെയാണ് ഈ നീക്കം.
2025-ൽ എഐ വിഭാഗത്തിലേക്ക് ഗൂഗിൾ നിയമിച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരിൽ ഏകദേശം 20 ശതമാനവും മുൻ ജീവനക്കാരാണെന്ന് CNBC റിപ്പോർട്ട് ചെയ്യുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്. ഗൂഗിളിന്റെ സാമ്പത്തിക ശക്തിയും വൻ കംപ്യൂട്ടിംഗ് സൗകര്യങ്ങളും എഐ ഗവേഷകരെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് കംപൻസേഷൻ വിഭാഗം മേധാവി ജോൺ കേസീ വ്യക്തമാക്കിയതായും റിപ്പോർട്ടുണ്ട്.
2023-ൽ Alphabet നടത്തിയ വൻ പിരിച്ചുവിടലുകൾക്കുശേഷം, വീണ്ടും നിയമിക്കാവുന്ന മുൻ ജീവനക്കാരുടെ വലിയൊരു വിഭാഗം ഗൂഗിളിനുണ്ട്. അന്ന് 12,000 പേരെയാണ് കമ്പനി പിരിച്ചുവിട്ടത്. തുടർന്നും ചെറിയ തോതിലുള്ള പിരിച്ചുവിടലുകളും ബൈഔട്ടുകളും തുടരുകയും ചെയ്തു.
കഴിഞ്ഞ വർഷം പ്രമുഖ എഐ ഗവേഷകനായ നോം ഷസീർ ഗൂഗിളിന്റെ DeepMind വിഭാഗത്തിലേക്ക് തിരിച്ചെത്തിയത് വലിയ നേട്ടമായിരുന്നു. Character.AI സ്ഥാപിച്ച ശേഷം കമ്പനി വിട്ടുപോയ ഷസീർ, 2024-ലാണ് വീണ്ടും ഗൂഗിളിൽ ചേരുന്നത്. ഉൽപ്പന്നങ്ങൾ വേഗത്തിൽ പുറത്തിറക്കുക, മാനേജ്മെന്റ് തലങ്ങൾ കുറയ്ക്കുക തുടങ്ങിയ പ്രവർത്തന മാറ്റങ്ങളും ഗൂഗിൾ നടപ്പാക്കിയിട്ടുണ്ട്. സഹസ്ഥാപകൻ സെർഗേ ബ്രിൻ നേരിട്ട് തന്നെ എഐ ഗവേഷകരെ സമീപിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ബൂമറാംഗ് നിയമനം ഗൂഗിളിൽ മാത്രം ഒതുങ്ങുന്നില്ല. ടെക് മേഖലയിലുടനീളം മുൻ തൊഴിലുടമകളിലേക്ക് തിരിച്ചെത്തുന്നവരുടെ എണ്ണം വർധിച്ചതായി ADP Research വ്യക്തമാക്കുന്നു. ChatGPT പുറത്തിറങ്ങിയതോടെ പിന്നിലായ ഗൂഗിൾ Gemini ആപ്പിന്റെ മികച്ച സ്വീകരണവും എഐ ഇൻഫ്രാസ്ട്രക്ചറിലേക്കുള്ള നിക്ഷേപവും വഴി വീണ്ടും മുന്നേറ്റം കൈവരിക്കുകയാണ്. കഴിഞ്ഞ മാസം Gemini 3 മോഡലും കമ്പനി അവതരിപ്പിച്ചു.
അതേസമയം, ഗൂഗിളിലെ എഐ ടാലന്റിനെ സ്വന്തമാക്കാൻ എതിരാളികളും ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. മൈക്രോസോഫ്റ്റ്, Meta, OpenAI തുടങ്ങിയ കമ്പനികൾ ഗൂഗിൾ ജീവനക്കാരെ ആകർഷിക്കാൻ വലിയ ഓഫറുകളുമായി രംഗത്തുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
Google rehires former engineers amid global AI talent surge










